കുടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പ്രചാരണം സ്വകാര്യ ഏജന്‍സിക്ക്
കെ. മുബീന #
കണ്ണൂര്‍: കുടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പ്രചാരണത്തിനായി സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ പരസ്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നു. പോര്‍ട്ടല്‍ വിപണിയുടെ നടത്തിപ്പ് പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്.
ഇതിനുള്ള അവസാനഘട്ട നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നു കുടുംബശ്രീ ഡയറക്ടറേറ്റില്‍ നിന്ന് ജില്ലാ ഓഫിസുകളെ അറിയിച്ചു. ആധുനിക രീതിയിലുള്ള പ്രചാരമാണ് പോര്‍ട്ടലിനു വേണ്ടി ചെയ്യുക.
ലോകത്തില്‍ മുന്‍നിരയിലുള്ള ഓണ്‍ലൈന്‍ വിപണിയോട് സമാനമായാണു കുടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സേവനം. ആവശ്യമായ പരസ്യം ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വേണ്ടത്ര പോര്‍ട്ടല്‍ വിവരങ്ങളും എത്തിച്ചേരാന്‍ സാധിച്ചില്ല.
ഇതോടെയാണ് പ്രചാരണത്തിനായി സ്വകാര്യ ഏജന്‍സികളെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ആവശ്യമായ ഫണ്ടില്ലാത്തതും പരസ്യത്തിന്റെ കുറവും കാരണം ഉപഭോക്താക്കളിലേക്കു കൃത്യമായി വിവരങ്ങള്‍ എത്താത്തതിനാലാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയുള്ള വിപണനം പ്രതിസന്ധിയിലായത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണു പോര്‍ട്ടല്‍ ആരംഭിച്ചത്. സ്വകാര്യ ഓണ്‍ലൈന്‍ വിപണന പോര്‍ട്ടലിനു സമാനമായ രീതിയിലാണ് കുടുംബശ്രീ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം. മൊബൈലിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ സന്ദേശം പ്രോഗ്രാം മാനേജര്‍ക്കു ലഭിക്കുകയും അരമണിക്കൂറിനുള്ളില്‍ ഓര്‍ഡര്‍ സ്വീകരിച്ചതു സംബന്ധിച്ചുള്ള സന്ദേശം ഉപഭോക്താവിന് ഫോണില്‍ ലഭ്യമാകുകയും ചെയ്യും. ഒരാഴ്ചക്കകം അതത് യൂനിറ്റുകളില്‍ നിന്നു സാധനങ്ങള്‍ നേരിട്ട് അയക്കുന്നതാണു രീതി.
സംസ്ഥാനത്തെ 115 യൂനിറ്റുകളില്‍ നിന്നുള്ള 524 ഉല്‍പന്നങ്ങളാണു കുടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ വിപണിയിലെത്തിക്കുക. ഭക്ഷ്യോല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ബാഗുകള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയാണു കുടുംബശ്രീ വിപണിയിലെ പ്രധാന ഉല്‍പന്നങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."