ആലത്തൂരില്‍ ബസ്സ് കത്തിച്ച സംഭവം രണ്ടുപേര്‍ അറസ്റ്റില്‍
ആലത്തൂര്‍: ബസ് പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പല്ലശ്ശന കണ്ണനൂര്‍ പാടം കുഞ്ചു വിന്റെ മകന് രാഹുല്‍ (23), തിരുവില്വാമല കണിയാര്‍കോട് കമ്പനിപ്പടി കൂട്ടാലയില്‍ ഉണ്ണികൃഷ്ണന്റെ മകന് അനൂപ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ നാലിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ പാടൂര്‍ വില്ലേജ് ഓഫിസിനു സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കൃഷ്ണകൃപ ബസാണ് പ്രതികള്‍ കത്തിച്ചത്. പാടൂര്‍ മണക്കാട് ജാനകി വിലാസില്‍ മണിയുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്.രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: പ്രതിയായ രാഹുല്‍ പാടൂരില്‍ തന്നെയുള്ള കാമുകിയുമായി ബസിനടുത്ത്വെച്ച് സംസാരിച്ചു നില്ക്കുമ്പോള് ബസ് ജീവനക്കാര്‍ രാഹുലിനെ ചോദ്യം ചെയ്യുകയും ബൈക്കിന്റെ കാറ്റ് അഴിച്ചുവിടുകയും ടയര്‍ കമ്പി കൊണ്ട് കുത്തിക്കീറുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് ബസ് കത്തിക്കാന്‍ കാരണം. പുലര്‍ച്ചെ നാലിന് സുഹൃത്തായ അനൂപിനെയും കൂട്ടി വന്ന രാഹുല്‍ പെട്രോള്‍ ബസിനുള്ളിലെ സീറ്റുകളില്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് ബസ് ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് പാലക്കാട് സൈബര്‍ സെല്‍ മുഖേന അന്വേഷിച്ചു. തുടര്‍ന്ന് പ്രതികള്‍ ആലുവയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനു ശേഷം ഡി.വൈ.എസ്.പി സി.കെ രാമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ആലുവയില്‍ നിന്നെത്തിച്ച പ്രതികളെ ചോദ്യം ചെയ്ത ശേഷം ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണത്തിന് സി.ഐ റാഫി, എസ്.ഐ.എ പ്രതാപന്, എ.എസ്.ഐ ചാമി, സി.പി.ഒമാരായ ഗിരീഷ്, അനീഷ്, ജയന്, ഗണേശന്, റഷീദ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."