മല കക്കാട്ടിരി റോഡ് പഴയ പടി തന്നെ
ആനക്കര: രാഷ്ട്രീയ നേതാക്കള്‍ വാക്കു പാലിച്ചില്ല. മല കക്കാട്ടിരി റോഡ് ഇപ്പോഴും പഴയപടി തന്നെ. ഇപ്പോള്‍ കാല്‍ നട യാത്രയക്ക് പോലും കഴിയാത്തവിധം കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിന് മുന്‍പ് ഫണ്ട് അനുവദിച്ച് വീതി കൂട്ടി റോഡ് പൂര്‍ണ്ണമായും ടാറിങ്ങ് നടത്താമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പണിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാതെ വഞ്ചിക്കുകയാണ് ഉണ്ടായതെന്നാണ് പറയുന്നത്. ഈ സംഭവം തൃത്താല മണ്ഡലത്തില്‍ യു.ഡി.എഫില്‍ ഭിന്നതക്ക് വഴിവെച്ചിട്ടുണ്ട്. പട്ടിത്തറ പഞ്ചായത്തില്‍പ്പെട്ട റോഡാണിത്.
പഞ്ചായത്ത് ഭരിക്കുന്ന എല്‍.ഡി.എഫും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം നേടിയ യു.ഡി.എഫും വാഗ്ദാനം പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തത്. ഇലക്ഷന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് യു.ഡി.എഫിന്റെ യോഗത്തില്‍ ഈ റോഡ് വിഷയം ചര്‍ച്ചയാകുകയും വോട്ട് ബഹിഷ്‌ക്കരണമുള്‍പ്പടെയുളള വിഷയങ്ങള്‍ പൊന്തിവരുകയും ചെയ്തിരുന്നു. എന്നാല്‍ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, മുസ്്‌ലിംലീഗ് നേതാവ് പി.ഇ.എ സലാം, ഇപ്പോഴത്തെ എം.എല്‍.എയായ വി.ടി ബല്‍റാം ഉള്‍പ്പെടെയുളള യോഗത്തില്‍ പങ്കെടുക്കുകയും ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും നിവേദനം നല്‍കാനും തീരുമാനിക്കുകയും, നിവേദനം നല്‍കുകയും ചെയ്‌തെങ്കിലും നടപടിയുണ്ടായില്ല. ഇതാണ് ഇപ്പോള്‍ യു.ഡി.എഫില്‍ പൊട്ടിതെറിക്ക് വകവെച്ചിട്ടുളളത്.
അതേസമയം എല്‍.ഡി.എഫിന്റെ ശക്തി കേന്ദ്രമായിരുന്ന കക്കാട്ടിരിയോട് എല്‍.ഡി.എഫും പഞ്ചായത്ത് ഭരണസമിതിയും കാണിക്കുന്ന അവഗണനയില്‍ ഇവിടുത്തെ ഇടത് പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധമുണ്ട്. റോഡിന്റെ വികസനത്തിനായി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്നും അതിന്റെ ഫലമാണ് തദ്ദേശ, നി യമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വോട്ടുകള്‍ ചോരുന്ന തിനിടയാക്കിയതും പാര്‍ട്ടിയുടെ നിലപാടുകളുടെ ഫലമാണെന്നും ഇടതുപക്ഷ പ്രവര്‍ത്തകരും ആരോപിക്കുന്നു.
പട്ടിത്തറ പഞ്ചായത്തിലെ എട്ട്, ഒന്‍പത്, 10, 11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കക്കാട്ടിരി ദേശത്തെ പ്രധാന റോഡായ മല -വട്ടത്താണി റോഡ്, പൊന്നാനി - പാലക്കാട് സംസ്ഥാന പാതയേയും പൊന്നാനി -പട്ടാമ്പി സംസ്ഥാന പാതയേയും ബന്ധിപ്പിക്കുകയും ഇരു സംസ്ഥാന പാതകളിലും ഗതാഗത തടസം നേരിടുമ്പോള്‍ സമാന്തര പാതയായി ഉപയോഗിക്കുകയും ചെയ്യുന്ന തൃശൂര്‍ ഭാഗത്ത് നിന്ന് വെള്ളിയാംങ്കല്ല് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിപ്പെടാനുള്ള എളുപ്പ മാര്‍ഗമായ അഞ്ച് കിലോമീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയിലധികം വീതിയുമുള്ള ഈ റോഡ് കാലങ്ങളായി തികഞ്ഞ അവഗണനയാണ് നേരിടുന്നത്. രണ്ടു ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്.
പൊതു ജനങ്ങളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ശക്തമായ സമ്മര്‍ദംമൂലം എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ ഇരുപത് ലക്ഷത്തിന്റെ ഫണ്ടും , ജില്ലാ പഞ്ചായത്തിന്റെ പതിനഞ്ച് ലക്ഷത്തിന്റെ ഫണ്ടും, വി.ടി ബല്‍റാം എം.എല്‍.എയുടെ ആറ് ലക്ഷം രൂപയും അനുവദിച്ചെങ്കിലും റോഡിന്റെ ശോചനിയാവസ്ഥക്ക് പൂര്‍ണമായ പരിഹാരം കാണാന്‍ കഴിഞ്ഞില്ലന്നു മാത്രമല്ല ഇപ്പോള്‍ കാല്‍ നടയാത്രയക്ക് പോലും പറ്റാത്തവിധം മാറിയിരിക്കുകയാണ്.
റോഡിന്റെ പകുതിയിലധികം ഭാഗം ഇപ്പോഴും കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡിന്റെ ശോച്യാവസ്ഥമൂലം ബസ്സുകള്‍ ഇടക്കിടെ ട്രിപ്പ് മുടക്കുകയാണ്. ഇതുമൂലം ഇതുവഴി യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.
തൃത്താലയിലെയും കൂറ്റനാട്ടിലേയും ഹൈസ്‌കൂളുകളിലേക്ക് ദിനംപ്രതി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. നിലംപതി മുതല്‍ മദ്‌റസ വരെയുള്ള ഭാഗമാണ് ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്നുകിടക്കുന്നത്.
മഴക്കാലങ്ങളില്‍ വെള്ളം പൂര്‍ണമായും റോഡിലൂടെയാണ് കുത്തിയൊലിച്ച് പോകുന്നത്. റോഡ് താഴ്ന്ന നിലയിലായതിനാലും ഇരുഭാഗത്തും ഓവുചാലുകള്‍ ഇല്ലാത്തുമാണ് ഇതിനുകാരണം. ഈ ഭാഗം ഒരു അടി ഉയര്‍ത്തി റീ ടാറിംഗ് നടത്തി ഓവുചാലുകള്‍ നിര്‍മിക്കുകയാണെങ്കില്‍ മാത്രമേ തകര്‍ച്ചക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."