ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ പദ്ധതി: കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ : മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നു കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. ഇതിനായി പ്രത്യേകം പദ്ധതി രൂപീകരിക്കാന്‍ എം പി നിര്‍ദേശം നല്‍കി. മാര്‍ച്ച് 31 നു മുന്‍പ് റോഡുകളുടെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ഇതിനായി ജില്ലാ കളക്ടറുടെ നേത്രത്വത്തില്‍ മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും തൊഴിലുറപ്പു പദ്ധതിയുടെ ജില്ലാ തല അവലോകന യോഗത്തില്‍ എം പി നിര്‍ദേശിച്ചു. ആസ്തിവികസന ത്തിനു പ്രത്യേക ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും അംഗനവാടികളുടെ നിര്‍മാണവും പദ്ധതിയില്‍ കൂടുതലായി ഏറ്റെടുക്കണമെന്നും എം പി നിര്‍ദേശിച്ചു. പ്രളയത്തില്‍ തകര്‍ന്ന ജലസ്രോതസുകള്‍ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി കുളങ്ങള്‍ ഏറ്റെടുത്തു പുനര്‍ നവീകരിക്കും. 80 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച പഞ്ചായത്തുകളില്‍ ശരാശരി 150 ദിവസമാക്കാന്‍ കഠിനപ്രയത്‌നം ചെയ്യണമെന്ന് എം പി നിര്‍ദേശിച്ചു, കേരളത്തില്‍ എം പി ഫണ്ട് തൊഴിലുറപ്പു പദ്ധതിയില്‍ വിനിയോഗിക്കുന്നതിനു കേന്ദ്രം അംഗീകാരം നല്‍കുന്നില്ല.
പലഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും എം പി ഫണ്ട് തൊഴിലുറപ്പുപദ്ധതിയില്‍ വിനിയോഗിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ കേരളത്തില്‍ സ്ഥിതി വത്യസ്തമാണ്, കേന്ദ്രം അംഗീകാരം നല്‍കിയാല്‍ എം പി ഫണ്ട് തൊഴിലുറപ്പു പദ്ധതിയുമായി കൂട്ടി യോജിപ്പിച്ചു കൂടുതല്‍ കാര്യക്ഷമമായി പദ്ധതികള്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും എം പി പറഞ്ഞു. പദ്ധതി കാര്യക്ഷമായി നടപ്പിലാക്കാന്‍ ചില ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുകള്‍ താല്പര്യം കാണിക്കാത്ത സ്ഥിതിയാണുള്ളതെന്നും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍കഴിയുന്ന ഈ പദ്ധതി വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താതിരിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും എം പി യോഗത്തില്‍ പറഞ്ഞു.
ജില്ലയില്‍ നടപ്പു സാമ്പത്തികവര്‍ഷം 249 കോടി രൂപ ഇതുവരെ ചിലവഴിച്ചു. ഒന്‍പതു ബ്ലോക്ക് പഞ്ചായത്തുകളും 41 പഞ്ചായത്തുകളുംനൂറു ശതമാനത്തിലധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. 17719 പ്രവര്‍ത്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷം ഏറ്റെടുത്തു പൂര്‍ത്തിയാക്കിയതായും എം പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."