ഭക്തിയുടെ പുണ്യം പകരാന്‍ ഹനീഫയുടെ പാനീസ് വിളക്കുകള്‍
നജീബ് മുറ്റിച്ചൂര്‍
അന്തിക്കാട്: ഭക്തിയുടെ പുണ്യം പകരാന്‍ ഹനീഫയുടെ പാനീസ് വിളക്കുകള്‍. മുറ്റിച്ചൂര്‍ ജുമാ മസ്ജിദില്‍ വര്‍ഷം തോറും നടത്തി വരുന്ന മുഹ്യുദ്ദീന്‍ ശൈഖിന്റെ ആണ്ടു റാത്തീബിനോടനുബന്ധിച്ചു നടത്തുന്ന നാടുചുറ്റലിന് ഒന്നര പതിറ്റാണ്ടിലേറെയായി പാനീസ് വിളക്കുകള്‍ ഒരുക്കുന്ന ജോലി ഹനീഫയുടെ നിയോഗമാണ്. ഈ വര്‍ഷവും പതിവു തെറ്റിക്കാതെ മുറ്റിച്ചൂര്‍ ഒസാരു വീട്ടില്‍ ഹനീഫ ഉണ്ടാക്കിയ പാനീസ് വിളക്കുകള്‍ റാത്തീബിനോടനുബന്ധിച്ചു നടക്കുന്ന നാടുചുറ്റലില്‍ വെളിച്ചമേകും. മുളകൊണ്ട് പുറംചട്ടയുണ്ടാക്കി അരങ്ങു പേപ്പര്‍ ഉപയോഗിച്ചാണ് പാനീസ് വിളക്കുകള്‍ നിര്‍മിക്കുന്നത്.
പാനീസ് വിളക്കുകള്‍ നിര്‍മിക്കാന്‍ ചെലവ് കുറവാണെങ്കിലും ജോലി വളരെ ശ്രമകരമാണെന്ന് ഹനീഫ പറഞ്ഞു. ഒരു ദിവസം രണ്ടു വലിയ പാനീസ് വിളക്കുകളാണ് ഇദ്ദേഹം ഉണ്ടാക്കുന്നത്. ഹനീഫ ഈ വര്‍ഷം 15 പാനീസ് വിളക്കുകളാണ് നാടുചുറ്റലിനായി നിര്‍മിച്ചു നല്‍കിയത്.
ഭക്തരുടെ പ്രാര്‍ത്ഥനകള്‍ മാത്രം ലക്ഷ്യം വച്ച് നിര്‍മിച്ചു നല്കുന്ന പാനീസ് വിളക്കുകള്‍ക്ക് ഹനീഫ കൂലിയൊന്നും വാങ്ങാറില്ല. മുറ്റിച്ചൂര്‍ മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള കെട്ടിടത്തില്‍ വര്‍ഷങ്ങളായി ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് ഹനീഫ. പാരമ്പര്യ തനിമ നിലനിര്‍ത്തി മുറ്റിച്ചൂര്‍ മഹല്ലില്‍ നടക്കുന്ന നാടുചുറ്റലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആണ്ടു റാത്തീബിന്റെ ഭാഗമായി അറബനമുട്ടുമായി ഇറങ്ങുന്ന നാടുചുറ്റല്‍ സംഘം മഹല്ലിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തും. അറബി ബൈത്തുകളും മാപ്പിളപ്പാട്ടുകളും പാടിയാണ് സംഘം അറബനമുട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."