ഹജ്ജ്: അവസരം ലഭിച്ചവര്‍ ആദ്യഗഡു പണം അടക്കണം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ ഒന്നാം ഗഡുവായ 81,000 രൂപ അടക്കണം. ഇന്നുമുതല്‍ ഫെബ്രുവരി 15 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ തുക അടയ്ക്കാം. രണ്ടാം ഗഡു 1,20,000 രൂപ അടക്കാന്‍ മാര്‍ച്ച് 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നാം ഗഡുവിനൊപ്പം രണ്ടാം ഗഡുവും ഒന്നിച്ച് (2,01,000 രൂപ) ഫെബ്രുവരി 15 വരെ അടക്കാന്‍ അനുമതിയുണ്ട്.
പണമടക്കുന്നതിന് ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറുകളുണ്ട്. ഈ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ചാണ് പണമടക്കേണ്ടത്. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ് സൈറ്റില്‍നിന്ന് ലഭ്യമാകും. ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ് വഴിയും ഓണ്‍ലൈനായും പണമടക്കാം. രേഖകള്‍ നിശ്ചിത സമയത്തിനകം സമര്‍പ്പിക്കാത്തവരുടെയും സമയത്തിന് തുക അടക്കാത്തവരുടെയും അവസരം അറിയിപ്പു കൂടാതെ റദ്ദാകും.
ഒന്നാം ഗഡു പണമടച്ച രസീതി, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, മെഡിക്കല്‍ സ്‌ക്രീനിങ് ആന്‍ഡ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രണ്ട് കോപ്പി വൈറ്റ് ബാക്ക് ഗ്രൗണ്ടോടു കൂടിയ ഫോട്ടോ, നേരത്തേ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ഹജ്ജ് അപേക്ഷയുടെ ഒപ്പിട്ട കോപ്പി, പാസ്‌പോര്‍ട്ടിന്റെ ഒരു കോപ്പി, നേരത്തെ അടച്ച അപേക്ഷാ ഫീസായ 300 രൂപയുടെ രസീതി, കവര്‍ ഹെഡ്ഡിന്റെ ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് കോപ്പിയോ ചെക്ക് ലീഫിന്റെ കോപ്പിയോ രേഖകള്‍ക്കൊപ്പം പ്രവൃത്തി ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."