അനാവശ്യ അധ്യാപക നിയമനങ്ങള്‍ പരിശോധിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: വിദ്യാര്‍ഥി, അധ്യാപക അനുപാതം കുറച്ചതിന് ശേഷമുണ്ടായ അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്ന് മന്ത്രി തോമസ് ഐസക്. 40 വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന അനുപാതം 30 വിദ്യാര്‍ഥികള്‍ക്ക് ഒന്നായാണ് കുറച്ചത്. ഇതിന് പിന്നാലെയുണ്ടായ ആയിരക്കണക്കിന് അധ്യാപക നിയമനങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ബജറ്റിന് മുന്നോടിയായി ഗവ. ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപക- വിദ്യാര്‍ഥി അനുപാതം 30:1 ആക്കിയപ്പോള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ എയ്ഡഡ് സ്‌കൂളുകളില്‍ അധികമായി നിയമിച്ച അധ്യാപകരുടെ കണക്കെടുക്കും. വിഷയം വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്യും. വിദ്യാര്‍ഥി -അധ്യാപക അനുപാതം കുറച്ചത് മുതലെടുത്തുള്ള നിയമനങ്ങളെ നിയന്ത്രിക്കാന്‍ കെ.ഇ.ആറില്‍ അവശ്യമായ മാറ്റങ്ങള്‍ വരുത്തും.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ജി.എസ്.ടി അടക്കം ലഭിക്കേണ്ട തുകയില്‍ ഏകദേശം 15000 കോടിയുടെ കുറവുണ്ടായി. എന്നാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കുറയ്ക്കില്ല. ജി.എസ്.ടി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ലോട്ടറി വില കൂട്ടാതെ വേറെ വഴിയില്ല. വില കൂട്ടിയില്ലെങ്കില്‍ സമ്മാനത്തുക കുറയ്‌ക്കേണ്ട സാഹചര്യം വരും. വില വര്‍ധനവ് നേരിയ രീതിയില്‍ മാത്രമേ നടപ്പാക്കൂ.
നികുതിയിതര വരുമാന വര്‍ധനവുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദേശം പുഴകളിലേയും ഡാമുകളിലേയും മണല്‍ ഖനനമാണ്. നിലവില്‍ അനുമതി നല്‍കിയ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ നടപടികള്‍ക്ക് വേഗംകൂട്ടാന്‍ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കും. എക്‌സൈസ് വകുപ്പിന്റെ വരുമാനം കൂട്ടാന്‍ പബ്ബുകള്‍ അടക്കമുള്ളവ ആലോചിക്കാവുന്നതാണ് എന്നാല്‍ നികുതി ഇനിയും കൂട്ടുന്നതിനോട് യോജിപ്പില്ല. ഭൂമി പരിവര്‍ത്തനം ക്രമപ്പെടുത്തുന്നതിന്റെ ഫീസ് പരിഷ്‌കരിക്കണമെന്ന നിര്‍ദേശം ബജറ്റില്‍ പരിഗണിക്കും.
ധനപ്രതിസന്ധിയുണ്ടെങ്കിലും ശമ്പള പരിഷ്‌കരണ കാലാവധി നീട്ടില്ല. സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നത് പരിഗണിക്കും. ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകും പുനക്രമീകരണം. ചര്‍ച്ചയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരുടെയും പ്രതിനിധികളുടേയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും സാധ്യതകള്‍ പരിശോധിക്കുകയയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."