ദേവകിയമ്മ വധം; അന്വേഷണം നിലച്ചു
പെരിയാട്ടടുക്കം: കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകിയമ്മയെ കൊലപ്പെടുത്തിയ കേസന്വേഷണം നിലച്ചു. ദേവകിയമ്മയുടെ മൃതദേഹത്തില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച ഏക തെളിവായ മുടിയുടെ പരിശോധന ഫലം ലഭിക്കാന്‍ കാലതാമസം വന്നതോടെയാണ് അന്വേഷണം നിലച്ചത്.
സംഭവുമായി ബന്ധപ്പെട്ടു ഒട്ടനവധി പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നെങ്കിലും കൊലയാളിയെ സംബന്ധിച്ചുള്ള യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത മുടിയുടെ പിന്നാലെ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത അഞ്ചു മുടികളില്‍ മൂന്നെണ്ണം കൊലയാളിയുടേതാണെന്നു അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഈ മുടികള്‍ ഡൈ ചെയ്തതാണെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ഇതോടെ ദേവകിയമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പൊലിസ് സംശയിക്കുന്ന യുവാവിന് പുറമേ കൂടുതല്‍ പേര് പ്രതികളായി ഉണ്ടാകുമെന്ന നിഗമനവും അന്വേഷണ സംഘത്തിനുണ്ട്.
നിലവില്‍ പൊലിസ് സംശയിക്കുന്ന യുവാവിനെ നിരന്തരം പൊലിസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇയാള്‍ കൊലപാതകം നടത്തിയതായി സമ്മതിക്കാതെ വന്നതോടെയാണ് മുടി പരിശോധനാ റിപ്പോര്‍ട്ട് കിട്ടുന്നത് വരെ അന്വേഷണ സംഘം കാത്തു നില്‍ക്കുന്നത്.
അതേ സമയം തിരുവന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നിന്നും ഈ പരിശോധനാ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. ദേവകിയമ്മ വധിക്കപ്പെട്ടിട്ടു ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."