ഡി.വൈ.എഫ്.ഐ അക്രമം ആസൂത്രിതമെന്ന് കോണ്‍ഗ്രസ്
പേരാമ്പ്ര: ടൗണ്‍ ജുമാ മസ്ജിദ്, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് ഓഫിസുകള്‍ എന്നിവയ്ക്കു നേരെ നടന്ന കല്ലേറും യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചതും ഡി.വൈ.എഫ്.ഐ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ടി. സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പള്ളിക്കെതിരേ നടന്ന ആക്രമണത്തില്‍ സി.പി.എം ജില്ലാ നേതൃത്വവും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണനും പൊതുസമൂഹത്തോട് മാപ്പു പറയണം. ഉത്തരേന്ത്യയില്‍ ആര്‍.എസ്.എസ് നടപ്പാക്കുന്നതാണു പേരാമ്പ്രയില്‍ സി.പി.എം ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പകല്‍ ആര്‍.എസ്.എസിനെ എതിര്‍ക്കുകയും രാത്രി അവര്‍ക്ക് ചൂട്ടു പിടിക്കുകയുമാണ് സി.പി.എം രീതിയെന്നും സിദ്ദീഖ് ആരോപിച്ചു. സി.പി.എം ആക്രമണത്തിനു പൊലിസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സമാധാനപരമായി നടത്തിയ പ്രകടനം കൈയേറി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റിനെ മര്‍ദിച്ചത് എന്തിനാണെന്ന് അവര്‍ വ്യക്തമാക്കണം. അക്രമത്തിനു നേതൃത്വം നല്‍കിയ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡി.സി.സി അധ്യക്ഷന്‍ മുന്നറിയിപ്പു നല്‍കി.
സി.പി.എം-സംഘ്പരിവാര്‍ അക്രമങ്ങള്‍ക്കെതിരേ ജില്ലയിലെ 26 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നാളെ വൈകിട്ട് മൂന്നു മുതല്‍ അഞ്ചുവരെ സമാധാന സംരക്ഷണ സദസ് സംഘടിപ്പിക്കാനും തീരുമാനിച്ചതായി സിദ്ദീഖ് അറിയിച്ചു.
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, ഇ.വി രാമചന്ദ്രന്‍, രാജന്‍ മരുതേരി, ബാബു തത്തക്കാടന്‍, പി.എം പ്രകാശന്‍, എസ്. സുനന്ദ്, വി.ടി സൂരജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ആക്രമണത്തിനിരയായ പള്ളിയും മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് ഓഫിസുകളും സിദ്ദീഖ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."