അനധികൃത കെട്ടിടങ്ങള്‍ ഉയരുമ്പോഴും നടപടിയെടുക്കേണ്ട ഭരണസമിതിക്ക് മൗനം
ഒലവക്കോട് : നഗരത്തിലും ഉയരുന്ന അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമെന്ന ഓരോ നഗരസഭാ യോഗത്തിലും അധികൃതര്‍ പറയുമെങ്കിലും നാളിതുവരെ ഒരു കെട്ടിടവും പൊളിച്ചു നീക്കാത്തതിനു പിന്നില്‍ അട്ടിമറിയുള്ളതായി ആരോപണം മാധ്യമങ്ങളിലൂടെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ ഭീഷണിമുഴക്കുന്ന നഗരസഭാംഗങ്ങളും ഉദ്യോഗസ്ഥരും കൊയ്യുന്നതിലൂടെ ലക്ഷങ്ങളെന്നാണ് പരാതി. കെട്ടിടങ്ങള്‍ പണിതുടങ്ങുമ്പോള്‍ നഗരസഭക്ക് പരാതി ലഭിച്ചാലും നടപടിയെടുക്കാതെ കെട്ടിടം പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കുകയാണ് പാലക്കാട് നഗരസഭയുടെ രീതി. പാര്‍ക്കിംഗിനു പോലും സ്ഥലം വിട്ട് നല്‍കാതെ നഗരത്തില്‍ പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയ നിരവധി കെട്ടിടങ്ങളാണ് ഉള്ളത്. സ്റ്റേഡിയം സ്റ്റാന്‍ഡ്, റോബിന്‍സണ്‍ റോഡ്, രാപ്പാടി പരിസരം, കോര്‍ട്ട് റോഡ്, കോയമ്പത്തൂര്‍ റോഡ്, മാര്‍ക്കറ്റ് തുടങ്ങിയ പ്രദേശങ്ങളിലായി നിരവധി കെട്ടിടങ്ങള്‍ പണിപൂര്‍ത്തിയായിട്ടും പൊളിച്ചു നീക്കാതെ നഗരസഭാംഗങ്ങള്‍ക്ക് വരുമാന സ്രോതസ്സാകുന്ന കെട്ടിടങ്ങള്‍ നിരവധിയാണ്.
നഗരസഭ കെട്ടിട നമ്പര്‍ നല്‍കാത്തതിനാല്‍ കോടതി വിധിയിലൂടെ അംഗീകാരം നേടിയെടുത്തവരും അനവധി. ഓരോ തവണയും ഉദ്യോഗസ്ഥരും നഗരസഭാംഗങ്ങളും സംഭാവനക്കായി ഇവരെ സമീപിക്കുകയും വലിയ തുക ഈടാക്കുകയും ചെയ്യുന്നുവെന്നാണ് പരാതിയുയരുന്നത്. രാപ്പാടിക്ക് എതിര്‍വശം കനാല്‍ഭൂമി പോലും തിരിച്ചു പിടിക്കാനാവാതെ ജില്ലാ കളക്ടറെയും സംഘത്തെയും ഭയപ്പെടുത്തുന്ന മാഫിയകളാണ് ഏറെയുമുള്ളത്. കൂടാതെ വീടും കെട്ടിടവും മൂന്നുനില വരെ പൂര്‍ത്തിയായശേഷം നോട്ടീസ് നല്‍കുന്നതു വഴി പണിതീര്‍ത്ത ഉടമക്കും കരാര്‍ ഏറ്റെടുത്ത എന്‍ജിനീയര്‍ക്കും എതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സംഭവവും നിരവധിയാണ്. ഇത്തരം സംഭവങ്ങളില്‍ കിട്ടിയതും വാങ്ങി മടങ്ങുന്ന ജീവനക്കാരും അനവധിയാണ്. കയ്യേറ്റത്തിന്റെ പേരില്‍ അനധികൃത പിരിവുവാങ്ങുകയല്ലാതെ നഗരത്തില്‍ ഇതുവരെ നടപടിയെടുത്ത ഒരു സ്ഥാപനവും ഇല്ലെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയെന്നും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."