നിര്‍ധന കുടുംബത്തിന് തലചായ്ക്കാന്‍ സഹചാരിയുടെ രണ്ടാം വീടൊരുങ്ങി
പെരുവള്ളൂര്‍: നിര്‍ധനരായ കുടുംബത്തിന് തലചായ്ക്കാന്‍ സൂപ്പര്‍ ബസാര്‍ ശാഖാ എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്‍ നിര്‍മിക്കുന്ന രണ്ടാമത്തെ വീടൊരുങ്ങി. പ്രവര്‍ത്തകരുടെ ശ്രമഫലമായി ഏഴു ലക്ഷം രൂപാ ചെലവില്‍ 700 സ്ക്വയര്‍ ഫീറ്റുള്ള വീട് നാലു മാസം കൊണ്ടണ്ടാണ് പൂര്‍ത്തീകരിച്ചത്. 'ബൈത്തുല്‍ മുസാഅദ' എന്നു നാമകരണം ചെയ്തിരിക്കുന്ന വീട് സഹചാരിയുടെ എട്ടാം വാര്ഷികോപഹാരമാണ്.
കഴിഞ്ഞ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന സീതി സാഹിബ് ചാരിറ്റബിള്‍ സെന്ററിന് വീല്‍ചെയര്‍, വാട്ടര്‍ബെഡ് വിതരണം, മൂന്നു പേര്‍ക്ക് വീടിന് ധനസഹായം, പാവപ്പെട്ട രോഗികള്‍ക്ക് ധനസഹായം, ആട് വിതരണം എന്നിവ സംഘടിപ്പിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളിലായി 50 ലക്ഷത്തിന് മുകളില്‍ പലിശരഹിത വായ്പയും ശാഖാ സഹചാരിക്ക് കീഴില്‍ നല്കിവരുന്നു. വരും വര്‍ഷങ്ങളിലും ഇത്തരത്തില്‍ വീട് നിര്‍മാണ പദ്ധതിയും മറ്റു കാരുണ്യ പ്രവര്‍ത്തനങ്ങളും തുടരാനാണ് സഹചാരി റിലീഫ് സെല്‍ കമ്മിറ്റിയുടെ തീരുമാനം. പദ്ധതിക്ക് എല്ലാവരില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. റാസി ബാഖവി ചെയര്‍മാനും ടി.പി ഖാദര്‍ ജനറല്‍ കണ്‍വീനറും ഇസ്മാഈല്‍ ചോലയില്‍ ട്രഷററുമായ കമ്മിറ്റിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ബൈത്തുല്‍ മുസാഅദ സമര്‍പ്പണത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന മതപ്രഭാഷണത്തിനും മജ്ലിസുന്നൂര് വാര്‍ഷികത്തിനും ഇന്ന് തുടക്കമാകും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ശമീര്‍ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. നാളെ നടക്കുന്ന സമാപന പരിപാടിയുടെ ഉദ്ഘാടനവും ബൈത്തുല്‍ മുസാഅദ താക്കോല്‍ദാനവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."