സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത് ഗുണ്ടകളോടൊപ്പമെന്ന്: നിലവിട്ട പെരുമാറ്റം മേലില്‍ മാധ്യമ പ്രവര്‍ത്തകരോട് ഉണ്ടാകരുതെന്നു കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരേ വാര്‍ത്താസമ്മേളനം നടത്താന്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ എത്തിയത് ഗുണ്ടകളോടൊപ്പമായിരുന്നുവെന്നും കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ അദ്ദേഹം മാപ്പു പറയണമെന്നും പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സെന്‍കുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേലില്‍ മാധ്യമ പ്രവര്‍ത്തകരോട് ഉണ്ടാകരുതെന്നും സംഭവത്തെ അപലപിക്കുന്നതായും യൂണിയന് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ഗുണ്ടകള്‍ റഷീദിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരേ കേസ് എടുക്കണം. മാധ്യമ പ്രവര്‍ത്തകരുടെ സഹിഷ്ണുതകൊണ്ടു മാത്രമാണ് അനിഷ്ട സംഭവമായി ഇത് മാറാതിരുന്നത്. വാര്‍ത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവര്‍ത്തകരും ഒഴികെ ആരും ഹാളില്‍ പ്രവേശിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അനാരോഗ്യം മറന്നു മാധ്യമ പ്രവര്‍ത്തനം നടത്തുന്നയാളായ റഷീദിന് എല്ലാ ഐക്യഐക്യദാര്‍ഢ്യവും യൂനിയന്‍ പ്രഖ്യാപിച്ചു.
ഇന്ന് തിരുവനന്തപുരത്ത് വെള്ളാപ്പള്ളി നടേശനെതിരേ വാര്‍ത്താസമ്മേളനം നടത്താനെത്തിയപ്പോഴായിരുന്നു സംഭവം.
സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ തട്ടിക്കയറുകയായിരുന്നു. താങ്കള്‍ ഡി.ജി.പിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ ക്ഷുഭിതനാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."