ഹര്‍ത്താലുകള്‍ക്കെതിരേ പൊതുസമൂഹം രംഗത്തിറങ്ങണം
#എ. വി ഫിര്‍ദൗസ്
'കേരള മാതൃക' എന്നൊരു പ്രയോഗം കുറേക്കാലമായി നമ്മുടെ രാഷ്ട്രീയ, സാമൂഹിക വ്യവഹാരങ്ങളില്‍ ചുറ്റിക്കറങ്ങി നില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസം, സാമൂഹിക പ്രബുദ്ധത, ആരോഗ്യ സംരക്ഷണം, സഹവര്‍ത്തിത്വം തുടങ്ങിയ ചില വിഷയങ്ങളില്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു മുന്നിലാണ് കേരളത്തിന്റെ സ്ഥാനം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രയോഗം നില്‍വില്‍ വന്നത്. എന്നാല്‍ ഗുണപരമായ പരിഗണനകളില്‍ മാത്രമല്ല ഋണാത്മകങ്ങളായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും കേരളം ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും മുന്നില്‍ തന്നെയാണ്. അത്തരമൊരു നെഗറ്റിവ് തലമാണ് രാഷ്ട്രീയാതിപ്രസരത്തിന്റേത്.
കേരളത്തിലെ രാഷ്ട്രിയത്തെക്കുറിച്ച് നാം അവകാശപ്പെട്ടുവരാറുള്ളത് ഉന്നതമായ ജനാധിപത്യ ബോധത്തിലും ആശയാധിഷ്ഠിതമായ തെരഞ്ഞെടുപ്പുകളിലും ഊന്നിയാണ് കേരളീയന്‍ അവന്റെ രാഷ്ട്രീയ മുന്‍ഗണനകള്‍ തെരഞ്ഞെടുക്കാറുള്ളത് എന്നാണ്. സത്യത്തില്‍ അത്തരം ഒരു ജനാധിപത്യ പ്രബുദ്ധതയൊന്നും കേരളീയന്റെ രാഷ്ട്രീയത്തിലില്ല. ജനതയിലെ 75 ശതമാനത്തിലധികം പേര്‍ക്കും സമകാലിക കക്ഷിരാഷ്ട്രീയത്തിന്റെ വികൃത രീതികളുമായും ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ ശൈലികളുമായും ഒത്തുപോകാനാവില്ല എന്നതാണ് പൊതുസമൂഹത്തിന്റെ വിചാര വികാരങ്ങളെ സൂക്ഷ്മാപഗ്രഥനത്തിനു വിധേയമാക്കിയാല്‍ മനസിലാക്കാന്‍ സാധിക്കുക.
തെരഞ്ഞെടുപ്പുകളില്‍ അതാതു കാലങ്ങളിലെ പൊതു വിലയിരുത്തലുകള്‍ക്ക് വിധേയരായി ജനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ അനുകൂലമായി അവരുടെ ജനാധിപത്യ അവകാശമായ വോട്ട് വിനിയോഗിക്കാറുണ്ട് എന്നത് കഴിഞ്ഞ ആറേഴു പതിറ്റാണ്ടായി കേരളത്തില്‍ മാറിമറിയുന്ന മുന്നണി ഭരണത്തെ നിശ്ചയിക്കുന്ന പ്രധാന ഘടകമാണ്. ഒരു തെരഞ്ഞെടുപ്പില്‍ ഇടതോ വലതോ മുന്നണി വിജയിക്കുന്നു എന്നതിനര്‍ഥം പൊതു സമൂഹം തല്‍ക്കാലം അവരെ തെരഞ്ഞെടുത്തിരിക്കുന്നു എന്നു മാത്രമാണ്.
പൊതുജനമെന്ന അടിസ്ഥാന ഘടകം ഭൂരിപക്ഷവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറത്തുതന്നെയാണ്. പൊതുസമൂഹത്തിന്റെയോ കേരളജനതയുടെയോ മൊത്തത്തിലുള്ള പ്രാതിനിധ്യം അവകാശപ്പെട്ടും ജനങ്ങളുടെ ജിഹ്വകളാണെന്ന ഭാവേനയും കേരളത്തിലെ ഏതൊരു പാര്‍ട്ടിയും ഉന്നയിച്ചു വരുന്ന അവകാശവാദങ്ങള്‍ തീര്‍ത്തും അസ്ഥാനത്താണ്.
അക്രമ രാഷ്ട്രീയത്തിനും ജനങ്ങള്‍ക്കെതിരായി മാറുന്ന പ്രവര്‍ത്തന ശൈലികള്‍ക്കും നേരത്തെ തന്നെ കുപ്രസിദ്ധിയാര്‍ജിച്ച പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയും പിന്നിലാക്കി കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കുപ്രസിദ്ധി ഇപ്പോള്‍ പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നത് ആവര്‍ത്തിക്കുന്ന ഹര്‍ത്താലുകളുടേതാണ്. 2018ല്‍ തൊണ്ണൂറ്റേഴിനടുത്ത ഹര്‍ത്താലുകളാണ് കേരളത്തിലുണ്ടായത്. ആഴ്ചയില്‍ ചുരുങ്ങിയത് ഒരു ഹര്‍ത്താലെങ്കിലും സംഭവിക്കുന്നു എന്നതാണ് സ്ഥിതി.
തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നത് എന്ന് ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആ ചിന്തയെ സാധൂകരിക്കുന്ന വിധത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പെരുമാറുകയും ചെയ്യുന്നു. ബന്ദ് നിരോധിച്ചു കൊണ്ടുള്ള 1997ലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പദപ്രയോഗത്തില്‍ മാറ്റം വരുത്തി ബന്ദിനെ ഹര്‍ത്താലായി അവതരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. ഈ തന്ത്രത്തിലെ കോടതിയലക്ഷ്യവും ജുഡിഷ്യറിയോടുള്ള വെല്ലുവിളിയും ശ്രദ്ധിക്കപ്പെടുകയോ ചര്‍ച്ചയായി മാറുകയോ ചെയ്തില്ല. ഹര്‍ത്താല്‍ നടത്തി ജനജീവിതം ദുസ്സഹമാക്കാനുള്ള അധികാരവും അവകാശവും സഹജവും സ്വാഭാവികവുമാണ് എന്ന മട്ടും ഭാവവുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം.
ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയ സമസ്യകളുമായി കൂട്ടിക്കെട്ടി നടത്തപ്പെടുന്ന ഹര്‍ത്താലുകളില്‍ ഭരണപക്ഷത്തിന്റെ നിലപാടിലെ ശരിതെറ്റുകളെക്കുറിച്ചുള്ള ജനകീയമായ പരിശോധനകള്‍ക്കുള്ള ജനാധിപത്യപരമായ അവകാശം പൊതുസമൂഹത്തിനു നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇത് ഹര്‍ത്താലിന്റെ എണ്ണമറ്റ അനീതികളില്‍ ഒന്നുമാത്രമാണ്. ബന്ദ് ബന്ദായിരുന്ന കാലത്തും അത് ഹര്‍ത്താലായി മാറിയ ശേഷവും നടന്ന ഏതെങ്കിലും ബന്ദോ ഹര്‍ത്താലോ അവയ്ക്ക് കാരണമായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങളും ആശയങ്ങളും പൂര്‍ത്തീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തുകൊണ്ട് സഫലമായ അനുഭവം ചൂണ്ടിക്കാണിക്കാനില്ല. ഒരു ജനാധിപത്യ സമൂഹത്തിന് ആയിരക്കണക്കിന് ഹര്‍ത്താലേതര സമരമാര്‍ഗങ്ങളുണ്ടായിരിക്കെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിവേകമില്ലാതെ ഹര്‍ത്താല്‍ എടുത്തു പ്രയോഗിക്കുന്നത്.
ഹര്‍ത്താല്‍ ജനങ്ങളും ജീവിക്കാനുള്ള സഹജവും ഭരണഘടനാപരവും സ്വാഭാവികമായ അവകാശത്തെ ക്രൂരമായ രീതിയില്‍ തിരസ്‌ക്കരിക്കുന്നു. ജനമനസില്‍ ഭീതി, ഭയാശങ്കകള്‍ വളര്‍ത്തുന്നു. ജനാധിപത്യ സംസ്‌കാരത്തിന്റെ അനിവാര്യ ഘടകമായ വിയോജിക്കാനുള്ള അവകാശം എന്ന ആശയത്തെ അപഹസിക്കുന്നു. ബന്ദ് നിരോധിച്ചുകൊണ്ടുള്ള വിവിധ കോടതി വിധികളില്‍ ഉന്നയിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളെ ക്രൂരമായി അവഗണിക്കുകയും ബന്ദ് നിരോധനത്തിലൂടെ ജുഡിഷ്യറി നടത്തിയ ജനോന്മുഖ- ജനാധിപത്യോന്മുഖ- സമൂഹോന്മുഖ ഇടപെടലിന്റെ അന്തസത്തയെ ചവിട്ടിയരയ്ക്കുകയും അതുവഴി സമാനതകളില്ലാത്ത കോടതിയലക്ഷ്യ നടപടിയെ ദുര്‍ന്യായങ്ങളുടെ പിന്‍ബലത്തോടെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും കുറിച്ചുള്ള എല്ലാത്തരം മൂല്യ വിചാരങ്ങളെയും ആദര്‍ശാത്മക മനോഭാവങ്ങളെയും ഒരേ സമയം തള്ളിക്കളയുന്നു. കേരളത്തിലെ ഓരോ ഹര്‍ത്താലും ഒരു ജനതയും സമൂഹവും എന്ന നിലയിലുള്ള കേരളത്തിന്റെ അന്തസിനെയും ആഭിജാത്യത്തെയും ശിഥിലമാക്കുകയും കേരളത്തിനു പുറത്ത് സംസ്ഥാനത്തെക്കുറിച്ച് ഭയവും സംശയവും തെറ്റിദ്ധാരണകളും വ്യാപിപ്പിക്കുകയും ചെയ്യുന്നു.
ഓരോ ഹര്‍ത്താലും സംസ്ഥാനത്തിന്റെ വ്യാവഹാരിക മേഖലകളില്‍ ആഴമേറിയതും ദൂരവ്യാപകവുമായ അനേകം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് അരങ്ങേറി അവസാനിക്കാറുള്ളത്. ഇങ്ങനെ എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ ഹര്‍ത്താലിന്റെ പ്രതിലോമകതകള്‍ നിരവധിയാണ്. എന്നാല്‍ ഹര്‍ത്താലിന്റെ ഗുണ-ദോഷങ്ങളെക്കുറിച്ചുള്ള അര്‍ഥപൂര്‍ണവും ഫലപ്രദവുമായ വിശകലനങ്ങളില്‍ നിന്ന് പൊതു സമൂഹത്തിന്റെ ചിന്തകളെയും ആലോചനകളെയും തടഞ്ഞുനിര്‍ത്താനും വഴിതിരിച്ചുവിടാനും കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു ഭംഗിയായി സാധിക്കുന്നുണ്ട്. ബന്ദ് വിരോധികളെ അരാഷ്ട്രീയവാദികളും സാമൂഹ്യ പ്രതിബദ്ധത ഒട്ടുമില്ലാത്തവരുമായി ചിത്രീകരിക്കാനും അവര്‍ക്കായി.
ജനങ്ങളുടെ 'ജീവിക്കാനുള്ള അവകാശമെന്നത് ' നിരവധി തലങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്വതന്ത്രവും ഉപാധിരഹിതവുമായ ഒരാശയമാണ്. സ്വശരീരത്തെയും തൊഴില്‍-ഉപജീവനമാര്‍ഗങ്ങളെയും കുടുംബ മിത്രാദികളെയും പുലര്‍ത്തുവാനും സംരക്ഷിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലും കൃത്യനിര്‍വഹണങ്ങളിലും ഏര്‍പ്പെടാനും സുഗമമായി മുന്നോട്ടു പോകാനും അവസരങ്ങള്‍ ലഭ്യമാവുക എന്നത് ജീവിക്കാനുള്ള അവകാശത്തില്‍ പരമ പ്രധാനമാണ്. സഞ്ചാര സ്വാതന്ത്ര്യവും ചലന സ്വാതന്ത്ര്യവും തടസങ്ങളില്ലാതെ സ്വന്തം പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടു പോകാനുള്ള വ്യക്തിയുടെ അവകാശവും ഹര്‍ത്താലില്‍ പച്ചയായി നിഷേധിക്കപ്പെടുകയാണ്. ഓരോ ഹര്‍ത്താലുകളും വ്യക്തികളുടെ ജീവിതങ്ങളില്‍ സൃഷ്ടിക്കുന്ന എണ്ണമറ്റ പ്രശ്‌നങ്ങള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ കാണുന്നില്ല, കണ്ട ഭാവം നടിക്കാറുമില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു നടപ്പിലാക്കിയ ഹര്‍ത്താലുകളില്‍ ജീവഹാനി സംഭവിച്ച വ്യക്തികളുടെ ഒരു കണക്കെടുപ്പിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്.
അക്ഷരാര്‍ഥത്തില്‍ ആളെക്കൊല്ലികളായി മാറുന്ന ഹര്‍ത്താലുകള്‍ ജനസഞ്ചയത്തിനു നേരെ എടുത്തു വീശുന്ന മരണത്തിന്റെ ആയുധമായി വര്‍ത്തിച്ച ഒട്ടനവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലിനെതിരായ ജനകീയ വികാര രൂപീകരണത്തിലോ അഭിപ്രായ രൂപീകരണത്തിലോ ഇത്തരം സംഭവങ്ങള്‍ വിനിയോഗിക്കപ്പെടുകയുണ്ടായില്ല. ഭയത്തിന്റെ മൂര്‍ച്ചയേറിയ ഒരായുധമായിട്ടാണ് ഓരോ ഹര്‍ത്താലുകളും ജനങ്ങളുടെ പൊതുബോധത്തിനെതിരേ വിനിയോഗിക്കപ്പെടുന്നത്.
ജനുവരി മൂന്നിന് ശബരിമല കര്‍മസമിതിയും ബി.ജെ.പിയും നടത്തിയ ഹര്‍ത്താലില്‍ അടുത്ത കാലംവരെയും പൊതുവെ ഹര്‍ത്താലുകളോടു വ്യാപാരികള്‍ സ്വീകരിച്ചു വന്ന സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് തീരുമാനമെടുക്കുകയും പ്രഖ്യാപിക്കുകയുമെല്ലാം ചെയ്തിരുന്നെങ്കിലും അതൊന്നും പ്രാവര്‍ത്തികമായില്ല. ആക്രമാസക്തിയോടെ സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികളുടെ മൃഗീയവും കിരാതവുമായ ഭാവപ്രകടനങ്ങള്‍ക്ക് മുന്‍പില്‍ പാവം വ്യാപാരി സമൂഹത്തിന്റെ എല്ലാ വീറും വാശിയും നിഷ്പ്രഭമായിപ്പോയി. എന്നാല്‍ ഇനി ഹര്‍ത്താലിനും കട അടക്കില്ലെന്നു പറയാന്‍ വ്യാപാരികള്‍ കാണിച്ച മനസ് തന്നെ വലിയ കാര്യമാണ്. കേരളത്തിലെ 35 വ്യാപാരി-വ്യവസായി-തൊഴില്‍ സംഘടനകള്‍ ചേര്‍ന്ന് 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി മുന്നോട്ട് കൊണ്ടു പോകാന്‍ തീരുമാനമെടുത്തിട്ടുള്ളതും ശ്രദ്ധേയമാണ്.
ഓരോ ഹര്‍ത്താലും ഉള്‍ക്കൊള്ളുന്ന ഏറ്റവും കഠിനമായ ജനാധിപത്യ ലംഘനം പൗരന്റെയും വ്യക്തിയുടെയും വിയോജിപ്പിനും വികാര പ്രകടനത്തിനുമുള്ള അവകാശത്തെ നിഷ്പ്രഭവും നിരര്‍ഥകവുമാക്കി തങ്ങളുടെ ഏകപക്ഷീയവും വിനാശകരവുമായ പ്രതിഷേധ രീതി അടിച്ചേല്‍പ്പിക്കുകയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നത് എന്നതാണ്. ഭരണകൂടത്തിന്റെയോ സംവിധാനത്തിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്ന എതിര്‍ക്കപ്പെടേണ്ടുന്ന വിഷയങ്ങളോട് എങ്ങനെയാണ് എതിര്‍പ്പറിയിക്കേണ്ടത് എന്ന് സ്വയം തീരുമാനിക്കാനും നിശ്ചയിക്കാനും ഓരോ പൗരനുമുള്ള പക്വതയും പാകതയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ അംഗീകരിക്കുന്നില്ല.
നടപ്പിലാക്കപ്പെടാത്ത ഹര്‍ത്താല്‍ വിരുദ്ധ തീരുമാനങ്ങള്‍ കൊണ്ടുമാത്രം ഫലമുണ്ടാവില്ല. പൊതു സമൂഹത്തിലെ ഏതാണ്ടെല്ലാവരും ഹര്‍ത്താലുകളുടെ മറപറ്റി സ്വന്തം വീടിന്റെ സുഖാലസ്യങ്ങളിലേക്ക് പിന്‍വാങ്ങുമ്പോള്‍ തെരുവില്‍ അക്രമികളെയും ആക്രമണങ്ങളെയും നേരിടുകയും ജനങ്ങളുടെ ജീവനും സ്വത്തിനും വസ്തുവഹകള്‍ക്കും സുരക്ഷയൊരുക്കുകയും ചെയ്യുന്ന പൊലിസുകാര്‍ മാത്രമാണ് ഓരോ ഹര്‍ത്താലുകളുടെയും ദുരിതങ്ങളെ നേര്‍ക്കുനേര്‍ നേരിടേണ്ടിവരുന്ന ഒരു വിഭാഗം. സ്വന്തം ഉത്തരവാദിത്ത നിര്‍വഹണത്തിലൂടെ തന്നെ ഓരോ പൊലിസുകാരനും ഹര്‍ത്താലിനെ ചെറുത്തു തോല്‍പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."