അരീക്കല്‍ അശോകന് വധം: നാലു പേരെ ഹൈക്കോടതി വെറുതെ വിട്ടു
കൊച്ചി : കണ്ണൂര്‍ അരീക്കല്‍ അശോകന് വധക്കേസിലെ ആദ്യ നാലു പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. തലശ്ശേരി അഡി. സെഷന്‍സ് കോടതി ജീവപര്യന്തം വിധിച്ചതിനെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന് ബെഞ്ച് ഇവരെ വെറുതെ വിട്ടത്. കാക്ക ഷാജി എന്നുവിളിക്കുന്ന മൊട്ടമ്മല്‍ ഷാജി, കാര്യുള്ളതില് സജിത്ത്, മുള്ളന്കുന്നുമേല് ഉത്തമന്, മൂടന്റവിട റിജേഷ് എന്നിവരെയാണ് വെറുതേവിട്ടത്. 2000 ഡിസംബര്‍ അഞ്ചിനാണ് സി.പി.എം പ്രവര്ത്തകന് അരീക്കല്‍ അശോകന് കൊല്ലപ്പെട്ടത്. അശോകന് മറ്റൊരു സി.പി.എം പ്രവര്‍ത്തകന്റെ സഹോദരിയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നും ഇതു മറയ്ക്കാനാണ് ബി.ജെ.പിക്കാരായ തങ്ങളെ പ്രതി ചേര്‍ത്തതെന്നുമായിരുന്നു പ്രതികളുടെ വാദം. കേസ് ഡയറിയും സാക്ഷിമൊഴികളും പരിശോധിച്ച ഡിവിഷന് ബെഞ്ച് തലശ്ശേരി അഡി. സെഷന്‍സ് കോടതിയില്‍ നടത്തിയ വിചാരണയില്‍ വീഴ്ചയുണ്ടെന്ന് വിലയിരുത്തി. തുടര്‍ന്ന് പ്രതികള്‍ക്കെതിരേ സംശയാതീതമായി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്തമാക്കിയാണ് ഇവരെ വെറുതേ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."