ഇന്ത്യ- ആസ്ത്രേലിയ ഒന്നാം ടെസ്റ്റ് ഇന്നു മുതല്‍
പൂനെ: ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തിനാണ് ഇന്നു പൂനെയില്‍ തുടക്കമാകുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കുന്ന ടീമിനു ഐ.സി.സിയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പും സമ്മാനിക്കും.
എല്ലാ കാലത്തും ഇന്ത്യന്‍ പര്യടനങ്ങള്‍ ഓസീസിനെ സംബന്ധിച്ച് അഗ്നി പരീക്ഷയ്ക്ക് സമമാണ്. ഇത്തവണയും അതിനു മാറ്റമൊന്നുമില്ല. അതേസമയം മികവിന്റെ പാരമ്യതയില്‍ നില്ക്കുന്ന കോഹ്ലിയും സംഘവും മറ്റു വേവലാതികളൊന്നുമില്ലാതെയാണു ഇറങ്ങുന്നത്. മറുഭാഗത്തു ആസ്ത്രേലിയന്‍ കരുത്തിനെയാണു നേരിടേണ്ടത് എന്നതു മാത്രമാണു ഇന്ത്യക്ക് ശ്രദ്ധിക്കേണ്ട ഘടകം. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ വിജയിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തിയ ഇന്ത്യ എല്ലാ മേഖലയിലും സന്തുലിതമാണ്.
2015 ഓഗസ്റ്റില്‍ ഇന്ത്യന്‍ മണ്ണില്‍ അവസാനമായി ഒരു ടെസ്റ്റ് തോറ്റ ശേഷം തോല്‍വിയറിയാതെ കുതിക്കുകയാണു ഇന്ത്യ. തുടര്‍ച്ചയായി 20 ടെസ്റ്റുകളാണു ഇന്ത്യയില്‍ തോല്‍വിയറിയാതെ ടീം പൂര്‍ത്തിയാക്കിയത്. ഇതില്‍ 17 വിജയവും മൂന്നു സമനിലകളും. ശ്രീലങ്കയെ അവരുടെ നാട്ടില്‍ കീഴടക്കി പരമ്പര നേടിയ ഇന്ത്യ തൊട്ടുപിന്നാലെ വെസ്റ്റിന്‍ഡീസിനെയും അവിടെ ചെന്നു കീഴടക്കി. പിന്നീട് ഇന്ത്യയില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ പരമ്പര വിജയങ്ങളും ഇന്ത്യ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തു. മൊത്തം ആറു പരമ്പര നേട്ടങ്ങള്‍ തുടര്‍ച്ചയായി നേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
2011ലാണ് ഇന്ത്യന്‍ മണ്ണില്‍ ഓസീസ് ഒരു ടെസ്റ്റ് വിജയിക്കുന്നത്. പിന്നീട് അവര്‍ക്ക് വിജയം കിട്ടാക്കനിയായി നില്‍ക്കുകയാണ്. എല്ലാ കാലത്തും ഇന്ത്യയൊരുക്കാറുള്ള സ്പിന്‍ കുഴിയില്‍ വീഴാറുള്ള ഓസീസ് ഇത്തവണ പക്ഷേ കരുതിയാണു കളിക്കാനിറങ്ങുന്നത്. നാലു സ്പിന്നര്മാരെയുള്പ്പെടുത്തിയാണു അവര്‍ ഇത്തവണ ഇവിടെയെത്തിയിരിക്കുന്നത്. ഇന്നു സ്റ്റീവ് ഒകീഫ്, നതാന്‍ ലിയോണ്‍ എന്നീ സ്പിന്നര്‍മാരായിരിക്കും അവസാന ഇലവനില്‍ ഇടം പിടിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."