HOME
DETAILS
MAL
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: ജനന തീയതി തെളിയിക്കുന്ന രേഖയില്‍നിന്ന് ആധാര്‍ കാര്‍ഡ് ഒഴിവാക്കി
backup
January 18 2020 | 05:01 AM
കൊണ്ടോട്ടി: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന് അപേക്ഷക്കുന്നവര്‍ ജനന തീയതി തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന രേഖയില്‍ നിന്ന് ആധാര്‍ കാര്‍ഡ് ഒഴിവാക്കി. പെന്‍ഷന്‍ അപേക്ഷകര്‍ക്ക് പ്രായം തെളിയിക്കുന്നതിന് രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
നേരത്തെ അപേക്ഷകന് വയസ് തെളിയിക്കുന്നതിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുളള മറ്റു രേഖകള്‍ ഇല്ലെങ്കിലും ഡോക്ടര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇത് 2018 ജൂലൈയില്‍ നിര്‍ത്തലാക്കിയിരുന്നു. പ്രായത്തിന്റെ പേരില്‍ അനര്‍ഹര്‍ കടന്നു കൂടിയത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ഇത്തരം അപേക്ഷകര്‍ക്ക് ആധാര്‍ കാര്‍ഡ് പ്രായം തെളിയിക്കുന്ന രേഖയാക്കാമെന്നായിരുന്നു പിന്നീട് നല്‍കിയ നിര്‍ദേശം. എന്നാല്‍ പുതിയ അപേക്ഷകരില്‍ നിന്ന് ഇനി ആധാര്‍ കാര്‍ഡ് ജനന തീയതി രേഖയായി സ്വീകരിക്കരുതെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇലക്ഷന്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ ജനന തീയതി തെളിയിക്കുന്ന രേഖയായി സ്വീകരിക്കുന്നുണ്ട്.
വാര്‍ധക്യകാല പെന്‍ഷന്‍ രേഖകള്‍ തദ്ദേശ സ്ഥാപനങ്ങളിലെ വില്ലേജ് എക്‌സ്റ്റഷന്‍ ഓഫിസര്‍മാരാണ് (ഗ്രാമസേവക്) പരിശോധിക്കുന്നത്. എന്നാല്‍ വിധവാ പെന്‍ഷന്‍ അപേക്ഷകള്‍ സാമൂഹ്യനീതി വകുപ്പിലെ ഐ.സി,ഡി .എസ് ഓഫിസര്‍മാരും വികലാംഗ പെന്‍ഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധിക്കുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ അനര്‍ഹര്‍ കയറിക്കൂടിയത് തടയാനാണ് സര്‍ക്കാര്‍ മസ്റ്ററിങ് നടപടികള്‍ ആരംഭിച്ചത്. മരണപ്പെട്ടവരുടെ പെന്‍ഷന്‍ അനന്തരാവകാശികള്‍ കൈക്കലാക്കുന്നതും പുനര്‍വിവാഹിതര്‍ വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നതും യഥാര്‍ത്ഥ വയസ് മറച്ചുവച്ച് പെന്‍ഷന്‍ ലഭിക്കുന്നതിലേക്ക് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമടക്കമുളള തട്ടിപ്പുകള്‍ പെരുകിയതോടെയാണ് സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയത്. സാമൂഹ്യ സുരക്ഷ മസ്റ്ററിങ് ഈ മാസം 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."