പുന്നപ്ര സഹകരണസംഘം ഭരണസമിതി പിരിച്ചുവിട്ടു
അമ്പലപ്പുഴ: ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുന്നപ്ര 181ാം നമ്പര്‍ സഹകരണസംഘം ഭരണസമിതി പിരിച്ചുവിട്ടു.
എല്‍.ഡി.എഫിന്റെ നിയന്ത്രണത്തിലായിരുന്ന സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം വര്‍ഷങ്ങളായി പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് ജി. സുധാകരന്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് വീണ്ടും സജീവമായത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നടന്ന സംഘം തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്.
സൊസൈറ്റിയില്‍ 9.23 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്.
സൊസൈറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികള്‍ ലഭിച്ചതിനാല്‍ അമ്പലപ്പുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തുന്നത്.
വര്‍ഷങ്ങളായി ഓഡിറ്റ് നടത്തിയിട്ടില്ല. എന്നാല്‍ ഓഡിറ്റിന് ആവശ്യമായ കണക്കുകള്‍ തയാറാക്കുന്നതിന്റെ ഭാഗമായി 1,72,350 രൂപ ചെലവഴിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. 1.87 കോടി രൂപ സര്‍ക്കാര്‍ ധനസഹായമായി സംഘത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇത് ചെലവഴിച്ചതിന്റെ വ്യക്തമായ കണക്കുകളുമില്ല. സ്വര്‍ണ്ണപ്പണയ വായ്പയില്‍ പണം ക്രമവിരുദ്ധമായി കൂടുതല്‍ നല്‍കുക, സൊസൈറ്റി വഴി കര്‍ഷകര്‍ക്കായി വിറ്റഴിച്ചിരുന്ന വളം, കീടനാശിനി എന്നിവയുടെ സ്റ്റോക്കിലുള്ള ക്രമക്കേട്, പണത്തിന്റെ ദുര്‍വിനിയോഗം തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്.
പുന്നപ്രയിലെ ആദ്യത്തെ പണമിടപാട് സ്ഥാപനമായിരുന്നു പുന്നപ്ര 181ാം നമ്പര്‍ സഹകരണസംഘം. 1096 ല്‍ സ്ഥാപിതമായ സംഘം കാര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ഏറെ ആശ്വാസകരമായിരുന്നു. തുടക്കം മുതല്‍ എല്‍.ഡി. എഫ് നിയന്ത്രണത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. സാമ്പത്തിക പ്രതിസന്ധി മൂലം 2005 മുതല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.
കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്താണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം വീണ്ടും സജീവമായത്. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 1,8, 70000 രൂപ ധനസഹായമായി സര്‍ക്കാരും ജില്ലാ സഹകരണബാങ്കും നല്‍കിയതിന് ശേഷമാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. എല്‍.ഡി.എഫിന്റെ നിയന്ത്രണത്തിലായിരുന്നു സൊസൈറ്റിയുടെ പ്രവര്‍ത്തനം. എന്നാല്‍ എല്‍.ഡി. എഫ് ഭരണകാലത്തെ കണക്കുകള്‍ പരിശോധിച്ചിട്ടില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."