ഓപ്പറേഷന്‍ ഷൈലോക്കിലും 'കാക്കിക്കളി'
കരുനാഗപ്പള്ളി: അനധികൃത പണമിടപാടുകാരെ പിടികൂടാന്‍ സിറ്റിപൊലിസ് നടത്തിയ 'ഓപ്പറേഷന്‍ ഷൈലോക്കിന് ' പണി കൊടുത്തു പൊലിസിലെ തന്നെ ഒരു വിഭാഗം. വമ്പന്‍ സ്രാവുകളായ കൊള്ളപ്പലിശക്കാരെ കുടുക്കാനുള്ള പൊലിസ് കമ്മിഷണറുടെ ഫോണ്‍ സന്ദേശം ചോര്‍ത്തിക്കൊടുത്ത് പൊലിസ് ഉദ്യോഗസ്ഥര്‍ തന്നെ മാതൃകയായി. വമ്പന്‍ സ്രാവുകള്‍ സുരക്ഷിതര്‍. ഇവിടെ കീശയും നിറഞ്ഞു.
കരുനാഗപ്പള്ളി സി.ഐ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ രണ്ട് ബ്ലേഡ് മാഫിയ സംഘങ്ങള്‍ക്ക് കൃത്യസമയത്ത് ഫോണ്‍ സന്ദേശം ചോര്‍ത്തി നല്‍കിയെന്നാണ് പൊലിസില്‍നിന്നും അറിയുന്നത്. കരുനാഗപ്പളളി പൊലിസ് സ്റ്റേഷന്‍ പരിതിയില്‍ ഏഴ് പേരുടെ വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും കൃത്യമായി വിവരം ചോര്‍ത്തിയതിന്റെ പേരില്‍ രണ്ടുപേരുടെ വിടുകളില്‍ നിന്നും തെളിവുകളൊന്നും തന്നെ കണ്ടത്താനായില്ല. ഈ വീടുകളില്‍ വന്‍തോതില്‍ പണവും രേഖകളും ഉണ്ടെന്ന് പൊലിസിന് കൃത്യമായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ റെയ്ഡ് നടത്തിയത്.
സൈബര്‍ പൊലിസിന്റെ സഹായത്തോടെ കൃത്യമായി നടത്തിയ അന്വേഷണത്തിലാണ് രഹസ്യവിവരം ചോര്‍ത്തിയതായി കണ്ടെത്തിയത്. കൊള്ളപ്പലിശക്കാരെ കണ്ടെത്താന്‍ പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള പട്ടികയാണ് തയാറാക്കിയത്. റെയ്ഡിനെക്കുറിച്ച് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. രാവിലെ ഡ്യൂട്ടി ഉണ്ടെന്ന് മാത്രമാണ് അറിയിപ്പ് ലഭിച്ചത്. കമ്മിഷണറുടെ രഹസ്യസന്ദേശം ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്ക് കൃത്യമായി എത്തിച്ചുകൊടുത്ത ഉദ്യോഗസ്ഥര്‍ മാസപ്പടി സമയം തെറ്റാതെ ലഭിക്കുന്നവരാണ്. ഇവരില്‍ ചില പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലവുമുണ്ട്. ചില പൊലിസുകാര്‍ക്ക് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായും നല്ല ബന്ധമാണുള്ളത്. ഇത്തരക്കാര്‍ക്ക് പൊലിസ് സ്റ്റേഷനില്‍ വന്‍ സ്വാധീനമാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."