ചെങ്കല്‍ ഖനനം: എളയൂര്‍ പിടിവള്ളിമലയില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു
അരീക്കോട്: കാവനൂര്‍ പഞ്ചായത്തിലെ എളയൂര്‍ പിടിവള്ളിമലയിലെ ചെങ്കല്‍ ഖനനം പരിസരവാസികള്‍ക്ക് ദുരിതമായതോടെ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അസി.കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥലത്തെത്തിയത്. ഖനനത്തെ തുടര്‍ന്ന് സമീപത്തുള്ള ഇരുപതോളം വീടുകള്‍ തകര്‍ച്ചാ ഭീതിയിലാണ്. രണ്ട് ഏക്കര്‍ സ്ഥലത്ത് രണ്ടുവര്‍ഷം മുന്‍പാണ് ഇവിടെ ഖനനം ആരംഭിച്ചത്. ലോഡ് കണക്കിന് മണ്ണ് മലയുടെ മുകള്‍ ഭാഗത്ത് കൂട്ടിയിട്ടതും ചെങ്കല്‍പാളികള്‍ അടര്‍ന്നുവീഴാവുന്ന തരത്തിലുള്ളതും മഴ പെയ്തതോടെ ഒലിച്ചിറങ്ങിയിരുന്നു. മഴവെള്ളം പഴയ കല്ലുവെട്ടുകുഴിയില്‍ തടഞ്ഞു നിര്‍ത്തുന്നതും സമീപത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് സ്ഥലമൊരുക്കുന്നതും ദുരന്തത്തിന് കാരണമാകുമെന്ന പരാതിയുമായി പരിസരവാസികള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.
ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ ജില്ലാ കലക്ടര്‍, വില്ലേജ് ഓഫിസര്‍, ജിയോളജി വകുപ്പ്, പഞ്ചായത്ത് തുടങ്ങിയ വിവിധ വകുപ്പുകളില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇരുപതോളം കുടുംബങ്ങളുടെ പരാതി വിവിധ വകുപ്പുകള്‍ അവഗണിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അധികൃതരുടെ ഒത്താശയോടെ ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ ക്വാറി മാഫിയ പ്രവര്‍ത്തനം തുടരുകയാണ്. പരാതിയും പ്രതിഷേധവുമായി നാട്ടുകാര്‍ രംത്തിറങ്ങിയിട്ടും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലും എളയൂരിലെ പിടിവള്ളിമലയില്‍ ആരും എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ കലക്ടറേറ്റിലെത്തി പ്രതിഷേധം അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."