നാടിന്റെ ദാഹമകറ്റേണ്ട കുടിവെള്ള പദ്ധതി നോക്കുകുത്തിയായി
നീലേശ്വരം: നാടിന്റെ ദാഹമകറ്റാന്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി നോക്കുകുത്തിയായി. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളിയില്‍ ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച കുടിവെള്ള പദ്ധതിയാണു നോക്കുകുത്തിയായി കിടക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളമെത്തിക്കാന്‍ ജലവകുപ്പിന്റെ കീഴിലാണു പദ്ധതി ആരംഭിച്ചത്. എന്നാല്‍ വിഭാവനം ചെയ്തതില്‍ പകുതി കുടുംബങ്ങള്‍ക്കു വെള്ളമെത്തിക്കാന്‍ പോലും കഴിഞ്ഞില്ല. മോട്ടോര്‍ കത്തിയതോടെ ആര്‍ക്കും വെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
പഞ്ചായത്തിന്റെ ഇരുപതു കിലോമീറ്റര്‍ ചുറ്റളവില്‍ കുടിവെള്ളമെത്തിക്കാന്‍ 1995ലാണു പദ്ധതി കമ്മിഷന്‍ ചെയ്തത്. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയായ ചായ്യോം, നരിമാളം വരെയും പരപ്പച്ചാല്‍ വരെയും പൈപ്പുകളും ടാപ്പുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും വെള്ളമെത്തിക്കാന്‍ മാത്രമായില്ല. മുമ്പു സ്ഥാപിച്ച പൈപ്പുകളും ടാപ്പുകളും മിക്ക സ്ഥലത്തും ഇന്നു കാണാനുമില്ല. പദ്ധതിയുടെ കാര്യത്തില്‍ ജലവകുപ്പു വേണ്ട ശ്രദ്ധകൊടുക്കാത്തതാണു പദ്ധതിയുടെ ദുരവസ്ഥയ്ക്കു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കത്തിയ മോട്ടോര്‍ ഇതുവരെയായും നേരെയാക്കാത്തതു ഇതിനുദാഹരണമാണെന്നാണ് ആരോപണം.
അതേസമയം, പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളെല്ലാം ഇപ്പോള്‍ തന്നെ വരള്‍ച്ചയെ നേരിടുകയാണ്. ചായ്യോത്ത്, നരിമാളം, ചൂരിപ്പാറ, പെരിങ്കുളം, കുണ്ടാരം, പള്ളിയത്ത്, ചോയ്യങ്കോട്, കിനാനൂര്‍ റോഡ്, കൊല്ലമ്പാറ, തലയടുക്കം, കരിന്തളം, കാലിച്ചാമരം, കോളംകുളം, ബിരിക്കുളം, പുലിയംകുളം, കാട്ടിപ്പൊയില്‍ തുടങ്ങിയ ഭാഗങ്ങളില്‍ വേനല്‍ തുടങ്ങുന്നതോടെ തന്നെ കടുത്ത വരള്‍ച്ച അനുഭവപ്പെടാറുണ്ട്. കുമ്പളപ്പള്ളി കുടിവെള്ള പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയാല്‍ ഇതിനു ശാശ്വത പരിഹാരം കാണാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."