പാടശേഖരങ്ങളിലെ കുളങ്ങള്‍ വറ്റി: മധ്യവേനല്‍ പച്ചക്കറി കൃഷി പ്രതിസന്ധിയില്‍
പുന്നയൂര്‍ക്കുളം: വേനല്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ പാടശേഖരങ്ങള്‍ക്ക് സമീപമുള്ള കുളങ്ങള്‍ വറ്റി. ഇതോടെ മുണ്ടകന്‍ കൃഷിക്ക് ശേഷം നടത്താറുള്ള പച്ചക്കറി കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. ഏപ്രില്‍, മെയ് വരെ വെള്ളം ഉണ്ടാവാറുള്ള കുളങ്ങള്‍ ഫ്രെബ്രുവരി ആദ്യവാരം തന്നെ വറ്റിയത് വരും ദിവസങ്ങളില്‍ പ്രദേശത്തെ കിണറുകളേയും ബാധിക്കും. കുണ്ടനി, കുന്നത്തുര്‍, ആറ്റുപുറം, പരൂര്, ചമ്മണ്ണുര് ഭാഗങ്ങളിലെ കുളങ്ങള്‍ ഇതിനോടകം വറ്റികഴിഞ്ഞു. പഞ്ചായത്തിലെ മറ്റു ഭാഗങ്ങളിലും വരള്‍ച്ച ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ജനുവരി അവസാനം മുതലാണ് പച്ചക്കറി കൃഷിക്ക് വിത്തിടല്‍ ആരംഭിക്കുക. പ്രധാനമായും വിഷു വിപണി ലക്ഷ്യമിട്ടാണ് കൃഷി ഇറക്കുന്നത്. വെള്ളരി, മത്തന്‍, കുമ്പളം, പടവം, കൈപ്പ എന്നിവയാണ് കൂടതലായും ചെയ്യുന്നത്.
ഇവകൂടാതെ തണ്ണിമത്തന്, കോളി ഫ്ളവര്‍, കക്കരിക്ക എന്നിവയും ചില കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധസംഘടനകള്‍, ക്ലബ്ബുകള്‍, ചെറു സംഘങ്ങള്‍ എന്നിവര്‍ കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ വിളവ് ഇറക്കി നേട്ടം വരിച്ചിരുന്നു. മുടക്കമില്ലാതെ വര്‍ഷങ്ങളായി കൃഷി ഇറക്കുന്നവരാണ് മിക്ക കര്‍ഷകരും. കുളങ്ങള്‍ വറ്റിയതോടെ ഇപ്രാവിശ്യം കാര്യമായി ആരും കൃഷി ഇറക്കിയിട്ടില്ല. വേനല്‍ കാലമായാല്‍ കൃഷിക്ക് പുറമെ ഗാര്‍ഹിക ആവിശ്യങ്ങള്‍ക്കും പ്രദേശവാസികള്‍ ഈ കുളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. പാടശേഖരങ്ങളേയും കുളങ്ങളേയും ബന്ധിപ്പിക്കുന്ന ചെറുതോടുകള്‍ നികത്തിയതും കുളങ്ങള്‍ നേരത്തെ വറ്റിപോകാന്‍ കാണമായെന്ന് പ്രദേശവാസികള്‍ പറയുന്നു. മഴക്കാലത്ത് നിറഞ്ഞിരുന്ന കുളങ്ങളില്‍ ഇപ്രാവിശ്യം കാര്യമായ മഴ വെള്ളം എത്തിയിട്ടില്ല. പഞ്ചായത്തിലെ പലസ്ഥലങ്ങളും തോടുകള്‍ കയ്യേറിയിട്ടുണ്ട് ബന്ധപെട്ട അധികാരികളുടെ ഒത്താശയിലാണ് തോടുകള്‍ കയ്യേറിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."