റണ്‍ ഫോര്‍ യൂനിറ്റി: മിഡ്‌നൈറ്റ് മാരത്തോണ്‍ 26ന്
കണ്ണൂര്‍: ഒരുമയുടെയും സുരക്ഷയുടെയും സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് മാരത്തോണ്‍ 26ന് കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ കലക്ടറേറ്റില്‍നിന്ന് തുടങ്ങി താവക്കര, ഫോര്‍ട്ട് റോഡ്, സെന്റ്‌മൈക്കിള്‍സ് സ്‌കൂള്‍, പയ്യാമ്പലം ഗസ്റ്റ്ഹൗസ് റോഡ്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, താലൂക്ക് ഓഫിസ്, കാല്‍ടെക്‌സ് വഴി തിരിച്ച് കലക്ടറേറ്റില്‍ സമാപിക്കും. 26ന് രാത്രി 12ന് തുടങ്ങി ഏഴ് കിലോമീറ്റര്‍ പിന്നിട്ട് 27ന് പുലര്‍ച്ചെ ഒന്നോടെ മാരത്തോണ്‍ സമാപിക്കും.
പി.ആര്‍.ഡി ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് റണ്‍ ഫോര്‍ യൂനിറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഏറ്റുവാങ്ങി. അഞ്ച് പേരടങ്ങുന്ന ടീമുകള്‍ മാരത്തോണിന് പങ്കെടുക്കണം. ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് പദ്ധതി വിശദീകരിച്ചു. വിവിധ ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ലൈബ്രറികള്‍, ബാങ്കുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ മത്സരത്തിനുണ്ടാകും. പുരുഷന്‍ന്മാര്‍ മാത്രമുളള ടീമുകളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 7,500 രൂപയും വനിതകള്‍ മാത്രമുള്ള ടീമുകളിലും സ്ത്രീകളും പുരുഷന്‍ന്മാരും ചേര്‍ന്നുളള ടീമുകളിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപ വീതവുമാണ് സമ്മാനം. മാരത്തോണ്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മെഡലും നല്‍കും. ഒരു ടീമിന് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഫോണ്‍: 04972706336, 9447524545,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."