HOME
DETAILS
MAL
യമനില്‍ ഹൂതി ആക്രമണം; 83 സൈനികര്‍ കൊല്ലപ്പെട്ടു
backup
January 20 2020 | 11:01 AM
റിയാദ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി നടക്കുന്ന യമനില്‍ വിമത വിഭാഗം നടത്തിയ ആക്രമണത്തില്‍ 83 സൈനികര്‍ കൊല്ലപ്പെട്ടു. വിമതരായ ഇറാന്‍ അനുകൂല ഹൂതികള്‍ സൈനിക ക്യാംപിനു നേരെ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് യമന്‍ സൈന്യത്തിന് കനത്ത ആള്‍നാശം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ നൂറ്റി അന്‍പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തര യുദ്ധം തുടങ്ങി അഞ്ചു വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ മാരകമായ ആക്രമണമാണ് ശനിയാഴ്ച നടന്നത്. ഹൂതികള്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ആക്രമണം നടത്തിയതിലൂടെ വെളിപ്പെടുന്നതെന്ന് യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി വ്യക്തമാക്കിയതായി യമന്‍ വാര്‍ത്താ ഏജന്‍സി സാബ റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാന നഗരിയായ സന്‍ആയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ മആരിബ് പ്രവിശ്യയിലെ സെന്‍ട്രല്‍ മആരിബിലെ സൈനിക ക്യാംപിന് നേരെയാണ് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടന്നത്. വൈകിട്ട് നടക്കുന്ന നിസ്‌കാരത്തിനിടെ സൈനിക ക്യാംപിലെ വെയര്‍ ഹൗസിനും മസ്ജിദിനും നേരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. യമന്‍ വ്യോമസേനയിലെ ഫോര്‍ത്ത് ബ്രിഗ്രേഡ് അംഗങ്ങളും ഗാര്‍ഡുകളുമാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ 83 സൈനികര്‍ കൊല്ലപ്പെട്ടതായും 148 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മആരിബ് സിറ്റി ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സന്‍ആയുടെ വടക്ക് നിഹം മേഖലയില്‍ ഹൂതികള്‍ക്കെതിരേ സഖ്യപിന്തുണയുള്ള സര്‍ക്കാര്‍ സൈന്യം ശക്തമായ സൈനിക നീക്കം നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഡ്രോണ്‍, മിസൈല്‍ ആക്രമണം ഉണ്ടായത്. എന്നാല്‍, ആക്രമണത്തിന് ശേഷവും സൈനിക നീക്കം തുടരുകയാണ്. ഇറാന്‍ നേതാവ് ഖാസിം സുലൈമാനെ അമേരിക്ക കൊലപ്പെടുത്തിയതിന് ശേഷം പശ്ചിമേഷ്യയില്‍ ഉയര്‍ന്ന യുദ്ധസമാന സാഹചര്യം കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കുന്നതാണ് ഇറാന്‍ അനുകൂല ഹൂതികളുടെ ഈ പ്രവര്‍ത്തനമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇറാന്‍ നേതാവ് സുലൈമാനി കൊലപാതകത്തിനുള്ള പ്രതികാരത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി ഗള്‍ഫ് റിസേര്‍ച്ച് സെന്റര്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്യൂരിറ്റി ഡയറക്റ്റര്‍ മുസ്തഫ അലാനി പറഞ്ഞു. 2014 ല്‍ യമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായതിനു പിന്നാലെ നടന്ന യുദ്ധത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."