ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ്; ഓസീസിന് തകര്‍ച്ച
പൂനെ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് തകര്‍ച്ച. മികച്ച രീതിയില്‍ തുടങ്ങിയ അവര്‍ പിന്നീട് കൂട്ടത്തകര്‍ച്ചയെ നേരിട്ടു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന നിലയില്‍. ആദ്യ ദിനം ഓള്‍ ഔട്ടാകാതെ പിടിച്ചു നിന്നതു മാത്രമാണു അവര്‍ക്ക് ഓര്‍ക്കാനുണ്ടായിരുന്നത്.
പത്താം വിക്കറ്റില്‍ ഹസ്‌ലെവുഡിനെ കൂട്ടുപിടിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ അപ്രതീക്ഷിത ചെറുത്തു നില്‍പാണ് ഓസീസിന്റെ സ്‌കോര്‍ 200 കടത്തിയത്. ടി20 കളിക്കുന്ന ലാഘവത്തില്‍ ബാറ്റു വീശിയ സ്റ്റാര്‍ക്ക് 58 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്‌സും പറത്തി 57 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. പുറത്താകാതെ നില്‍ക്കുന്ന ഹാസ്‌ലെവുഡ് 31 പന്തുകള്‍ നേരിട്ട് ഒരു റണ്‍ മാത്രമാണു നേടിയതെങ്കിലും സ്റ്റാര്‍ക്കിനൊപ്പം ഒന്നാം ദിവസം ഓള്‍ ഔട്ടാകുന്നതില്‍ നിന്നു ഓസീസിനെ രക്ഷിക്കാന്‍ താരത്തിനായി. പത്താം വിക്കറ്റില്‍ ഇരുവരും ഇതുവരെ 51 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്.
ഇന്ത്യക്കായി പേസര്‍ ഉമേഷ് യാദവ് മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഉമേഷ് നാലു വിക്കറ്റുകള്‍ പിഴുത് ഓസീസിനെ വെട്ടിലാക്കിയപ്പോള്‍ അശ്വിനും ജഡേജയും രണ്ടു വീതം വിക്കറ്റുകളും ജയന്ത് യാദവ് ഒരു വിക്കറ്റും പിഴുതു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന്റെ തുടക്കം മികച്ചതായിരുന്നു. ആദ്യ വിക്കറ്റില്‍ ഓപണര്‍മാരായ ഡേവിഡ് വാര്‍ണറും റെന്‍ഷയും കൂടി 82 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. എന്നാല്‍ ഉമേഷ് വാര്‍ണറെ ബൗള്‍ഡാക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. 38 റണ്‍സാണു വാര്‍ണര്‍ നേടിയത്. പിന്നാലെ 36 റണ്‍സുമായി ക്രീസില്‍ നിന്ന റെന്‍ഷ പരുക്കേറ്റു റിട്ടേയേഡ് ഹര്‍ട്ടായത് ഓസീസിനു തിരിച്ചടിയായി. തുടക്കത്തില്‍ ലഭിച്ച ഒഴുക്ക് പിന്നീടു വന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ അവരുടെ തകര്‍ച്ചയും തുടങ്ങി. ഷോണ്‍ മാര്‍ഷ് (16) നായകന്‍ സ്മിത്ത് (27)ഹാന്‍സ്‌കോംപ് (16) എന്നിവര്‍ കുറച്ചു പിടിച്ചുനിന്നെങ്കിലും വലിയ സ്‌കോറിലെത്താന്‍ സാധിക്കാതെ കീഴടങ്ങി.
മിച്ചല്‍ മാര്‍ഷ് (നാല്), വെയ്ഡ് (എട്ട്) ഒകീഫ് (പൂജ്യം) ലയണ്‍ (പൂജ്യം) എന്നിവരെല്ലാം ക്ഷണത്തില്‍ കൂടാരം കയറി. ക്രീസില്‍ തിരിച്ചെത്തിയ റെന്‍ഷ 156 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 68 റണ്‍സെടുത്തു ടോപ് സ്‌കോററായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."