മജിസ്‌ട്രേറ്റിന്റെ അസാന്നിധ്യം കണക്കു കൂട്ടലുകള്‍ തെറ്റിച്ചു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കീഴടങ്ങാന്‍ നടത്തിയ നീക്കവും കോടതിയില്‍ വച്ച് പിടികൂടി അറസ്റ്റ് ചെയ്തതും വളരെ നാടകീയമായി.
വളരെ തന്ത്രപൂര്‍വം കോടതി മുറിക്കുള്ളില്‍ കയറിപ്പറ്റാന്‍ പ്രതികള്‍ക്ക് കഴിഞ്ഞെങ്കിലും മജിസ്‌ട്രേറ്റ് ഉച്ചഭക്ഷണത്തിന് പോകുന്നതിന് മുന്‍പ് കോടതി മുറിയില്‍ എത്താനാവാത്തത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് കോടതി ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പായി മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാകാനായിരുന്നു പ്രതികളുടെ നീക്കം. അഭിഭാഷകരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് പ്രതികളെ പൊലിസ് വലയിലാക്കിയത്. സുനിക്കും വിജീഷിനും വേണ്ടി ഹാജരാകുന്നതിനായി അഞ്ച് അഭിഭാഷകര്‍ നേരത്തെ തന്നെ കോടതിക്കുള്ളില്‍ നിലയുറപ്പിച്ചിരുന്നു.
ഷാഡോ പൊലിസ് തീര്‍ത്ത നിരീക്ഷണവലയം ഭേദിക്കാന്‍ കഴിയാതെ പോയതാണ് പ്രതികള്‍ക്ക് സമയത്ത് കോടതിയില്‍ എത്തുന്നതിന് തടസ്സമായത്.
ഉച്ചയ്ക്ക് 1.10 ന് കോടതിക്കുള്ളില്‍ കയറിയെങ്കിലും അഞ്ച് മിനുട്ടിനുള്ളില്‍ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിനാല്‍ പ്രതികളെ കോടതിമുറിക്കുള്ളിലാക്കി വാതില്‍ അടയ്ക്കാന്‍ അഭിഭാഷകര്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടയില്‍ തന്നെ പ്രതികളെ പിന്തുടര്‍ന്ന് എത്തിയ ഷാഡോ പൊലിസ് മിനുട്ടുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി.
അഭിഭാഷകര്‍ അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലിസെത്തി പ്രതികളെ ബലം പ്രയോഗിച്ച് പൊലിസ് വാഹനത്തില്‍ കയറ്റി ആലുവ പൊലിസ് ക്ലബിലേക്ക് കൊണ്ടുപോയി.
സുനി വെള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് അണിഞ്ഞിരുന്നത്. വിജീഷ് വെള്ളയില്‍ ഡിസൈനുള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കസ്റ്റഡിലെടുത്തപ്പോള്‍ കോടതിയിലെ ജനല്‍ കമ്പികളില്‍ പിടിച്ചുനിന്ന പ്രതികളെ പൊലിസ് തൂക്കിയെടുത്ത് കൊണ്ടുപോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."