പൗരത്വ നിയമ ഭേദഗതി: സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കി
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കി. പതിനഞ്ചംഗ സിന്‍ഡിക്കേറ്റ് എതിര്‍പ്പുകളൊന്നുമില്ലാതെയാണ് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ഥി പ്രതിനിധിയുമായ കെ.വി അഭിജിത്ത് അവതരിപ്പിച്ച പ്രമേയം പാസാക്കിയത്.
മോദി സര്‍ക്കാറിന്റെ പിന്തുണയോടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പണ്ഡിതന്മാര്‍ക്കും നേരെ വലതുപക്ഷം നടത്തുന്ന ആക്രമണങ്ങളെയും സിന്‍ഡിക്കേറ്റ് അപലപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാല കൂടിയാണ് കാലടി സംസ്‌കൃത സര്‍വകലാശാല.
ഫീസ് വര്‍ധനക്കെതിരേ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം,സി.എ.എക്കെതിരേ രാജ്യത്താകമാനമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന സമരങ്ങള്‍ എന്നിവയെ പൊലിസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. സര്‍ക്കാറിനെതിരേ ഉയരുന്ന ശബ്ദങ്ങളെ മുഴുവന്‍ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ചും കഴിഞ്ഞ മാസം സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."