ലഹരിക്കെതിരേ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: കലക്ടര്‍
പാലക്കാട്: സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരേ സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി പറഞ്ഞു. ലഹരി നിര്‍മാര്‍ജന മിഷന് വിമുക്തിയുടെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പ് ജില്ലാ കലക്ടറേറ്റ് അങ്കണത്തില്‍ അവതരിപ്പിച്ച നാടകം 'എനിക്ക് പറയാനുള്ളത്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ലഹരി മാഫിയ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും രക്ഷിതാക്കളും അധ്യാപകരും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിനും കുടുംബബന്ധങ്ങളുടെ ശിഥിലീകരണത്തിനും ലഹരി വഴിവെക്കുന്നുണ്ടെന്നും ഇതിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകാര്യാലയം നേതൃത്വം വഹിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
ലഹരിയ്ക്കെതിരായുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് 'എനിക്ക് പറയാനുള്ളത് ' എന്ന നാടകം അവതരിപ്പിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരായ ടി. വിശ്വനാഥ്, വി. സജീവ്, പി.ടി. പ്രീജു, കെ. വെള്ളക്കുട്ടി, കെ.എ. ശശികുമാര്‍, ആര്. സന്തോഷ്, സി.സുഭാഷ്, സി. ഭുവനേശ്വരി, എം. സ്മിത അഭിനയിച്ച നാടകത്തിന്റെ രചന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.എന്‍. സുരേഷ് ബാബുവാണ് നിര്‍വഹിച്ചത്. ബി.ജെ. ശ്രീജിയാണ് സംവിധാനം. എക്സൈസ് ഡെപ്യൂട്ടി കമ്മീഷനര്‍ മാത്യൂസ് ജോണ്‍ അധ്യക്ഷനായ ഉദ്ഘാടന പരിപാടിയില്‍ എക്സൈസ് ഉദ്യോഗസ്ഥരായ കെ.ആര്. അജിത്ത്, കെ. ജയപാലന്, എം.എസ്. വിജയന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."