എം.എന്‍ ലക്ഷംവീട് കോളനി പുനരുദ്ധാരണം പാളുന്നു
നീലേശ്വരം: ജില്ലയിലെ എം.എന്‍ ലക്ഷംവീട് കോളനി പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു തയാറാക്കിയ പദ്ധതി തുടക്കത്തിലേ പാളുന്നു. നടത്തിപ്പു സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനമാകാത്തതാണു ഇതിനു കാരണം. അതുകൊണ്ടുതന്നെ ഇതിനായി നീക്കിവച്ച തുക വിനിയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്.
നീലേശ്വരം നഗരസഭയിലെ പുത്തരിയടുക്കം എം.എന്‍ ലക്ഷം വീട് കോളനി, മടിക്കൈ, പൈവളിഗെ, ചെങ്കള തുടങ്ങിയ പഞ്ചായത്തുകളിലെ കോളനികള്‍ എന്നിവയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണു പദ്ധതി തയാറാക്കിയത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനവും കൈക്കൊണ്ടിരുന്നു. ജില്ലയില്‍ വിവിധ കോളനികള്‍ക്കായി തൊണ്ണൂറു ലക്ഷം രൂപയാണു നീക്കിവച്ചിരിക്കുന്നത്.
കുടിവെള്ളം, റോഡ്, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനമാണു ഈ പദ്ധതി കൊണ്ടു ലക്ഷ്യം വയ്ക്കുന്നത്. വീടു നിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായി മറ്റു നിരവധി പദ്ധതികള്‍ ഉള്ളതുകൊണ്ടാണു അടിസ്ഥാന സൗകര്യ വികസനത്തിനു ഈ തുക വിനിയോഗിക്കാന്‍ തീരുമാനിച്ചത്. ഹൗസിങ്‌ബോര്‍ഡ് ഇതുസംബന്ധിച്ച വിശദമായ നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.
നടത്തിപ്പു സംബന്ധിച്ച ആശയക്കുഴപ്പമാണു പദ്ധതി തുടങ്ങുന്നതു വൈകാന്‍ കാരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹൗസിങ് ബോര്‍ഡ് എന്നിവയില്‍ ഏതു സ്ഥാപനത്തിനു ചുമതല നല്‍കണമെന്നതാണു ഇപ്പോഴത്തെ തര്‍ക്കം. അതുകൊണ്ടുതന്നെ വിഷയം മന്ത്രിതല പരിഗണനയില്‍ കിടക്കുകയാണ്. അതേസമയം, ജില്ലയിലെ പല കോളനികളിലും ഇപ്പോള്‍ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടങ്ങി. പദ്ധതി വേഗത്തില്‍ നടപ്പാക്കി ഇതിനു പരിഹാരം കാണണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തു എം.എന്‍ ലക്ഷംവീടു കോളനികളുടെ വികസനത്തിനായി ലോട്ടറി നടത്തിപ്പിലൂടെയാണു തുക ശേഖരിച്ചത്. എന്നാല്‍ തുടര്‍ന്നു വന്ന യു.ഡി.എഫ് സര്‍ക്കാരാകട്ടെ ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം കാണിച്ചില്ലെന്നും ആരോപണമുണ്ട്.
ആറുകോടിയിലധികം രൂപ സംസ്ഥാനത്തു ഈ ഇനത്തില്‍ കെട്ടിക്കിടപ്പുണ്ട്. അതില്‍ നിന്നാണു തൊണ്ണൂറു ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചത്. സര്‍ക്കാര്‍ തീരുമാനമുണ്ടാകുന്ന പക്ഷം സാങ്കേതികാനുമതി നേടി പദ്ധതി നടത്തിപ്പു സാധ്യമാക്കാന്‍ കഴിയുമെന്നു ഹൗസിങ് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."