കച്ചേരിക്കടവ് പാലം നിര്‍മാണം പൂര്‍ത്തിയായി
ഇരിട്ടി: അയ്യന്‍കുന്ന്, പായം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കച്ചേരിക്കടവ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന്നു മുന്നോടിയായി പാലത്തിന്റെ അനുബന്ധ റോഡിന്റെയും പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെയും പാര്‍ശ്വഭിത്തിയുടെയും നിര്‍മാണ പ്രവൃത്തിക്കു തുടക്കമായി. കൂട്ടുപുഴ പുഴയ്ക്കു കുറുകെ നിര്‍മിച്ച പുതിയപാലം ഭാഗികമായി ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും റോഡിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നു ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല. മണ്ണിടിച്ചലിനെ തുടര്‍ന്നു റോഡിലേക്കു പതിച്ച കൂറ്റന്‍ പാറകളും മണ്ണും നീക്കി ആറുമീറ്ററുകളോളം പൊക്കത്തില്‍ വിവിധ തട്ടുകളായി സംരക്ഷണഭിത്തി നിര്‍മിക്കുന്ന പ്രവൃത്തിക്കാണു കച്ചേരിക്കടവ് പാലത്തിന് അനുബന്ധമായി ആരംഭിച്ചത്. 115 മീറ്റര്‍ നീളത്തിലാണു ഭിത്തി നിര്‍മിക്കുന്നത്. കൂട്ടുപുഴ റോഡില്‍ നിന്നു പാലത്തിലേക്കു പ്രവേശിച്ച് ബാരാപോള്‍, കച്ചേരിക്കടവ് ഭാഗങ്ങളിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ വലിയ കുന്നാണു കഴിഞ്ഞ കാലവര്‍ഷത്തില്‍ ഇടിഞ്ഞു റോഡിലേക്കു പതിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്നു പാലം നിര്‍മാണത്തിനായി കൊണ്ടുവന്ന നിരവധി നിര്‍മാണ സാമഗ്രികള്‍ മണ്ണിനടിയില്‍പെട്ട് നശിച്ചിരുന്നു.
കുന്ന് വീണ്ടും ഇടിയാനുള്ള സാധ്യത കണക്കിലെടുത്താണു കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തിനിര്‍മിക്കുന്നത്. രണ്ടുമാസത്തിനകം ഇതിന്റെ നിര്‍മാണം പുര്‍ത്തിയാക്കും. ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി പ്രദേശത്തേക്കുള്ള റോഡ് 400 മീറ്ററോളം വീതികൂട്ടാനുള്ള പ്രവൃത്തിയും ഇതോടൊപ്പം പൂര്‍ത്തിയാക്കും. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണത്തിനായി 8.25 കോടി രൂപയാണ് അനുവദിച്ചത്.
വീതികുറഞ്ഞ പഴയപാലം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായതോടെയാണു 22.32 മീറ്റര്‍ നീളത്തില്‍ മൂന്നു സ്പാനുകളിലായി നിര്‍മിച്ച് പുതിയപാലം താല്‍ക്കാലിക ഗതാഗതത്തിനു തുറന്നുകൊടുത്തത്. പുതിയ പാലവും അപ്രോച്ച് റോഡും യാഥാര്‍ഥ്യമാകുന്നതോടെ കച്ചേരിക്കടവ്, പാലത്തിന്‍കടവ്, ചരള്‍ മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇരിട്ടി, കൂട്ടുപുഴ, പേരട്ട, കോളിത്തട്ട്, ഉളിക്കല്‍ പ്രദേശങ്ങളിലേക്ക് എത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."