മെക്‌സിക്കോ ക്വാര്‍ട്ടറില്‍
കാലിഫോര്‍ണിയ: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് സി പോരാട്ടത്തില്‍ ജമൈക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി മെക്‌സിക്കോ ക്വാര്‍ട്ടറില്‍ കടന്നു. ആവേശകരമായ പോരാട്ടത്തില്‍ മെക്‌സിക്കന്‍ തിരമാലകള്‍ക്ക് മുന്നില്‍ ജമൈക്കയ്ക്ക് അടിതെറ്റുകയായിരുന്നു. അതേസമയം ഉറുഗ്വെയ്‌ക്കൊപ്പം ജമൈക്കയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
ഗോള്‍ഡ് കപ്പിന്റെ തനിയാവര്‍ത്തനമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ മെക്‌സിക്കോ നാലു മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. ഗല്ലര്‍മോ ഒച്ചോവ, യാസര്‍ കൊറോണ, ജീസസ് ഡ്യൂണാസ്,റൗള്‍ ജിമെനസ് എന്നിവര്‍ ടീമിലിടം പിടിച്ചു.
ജമൈക്കയുടെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. ഏഴാം മിനുട്ടില്‍ വില്ല്യംസണിന്റെ ത്രോ ബോള്‍ ക്ലെയ്റ്റന്‍ ഡൊണാള്‍ഡ്‌സണ്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്ത് പോകുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ നിരന്തരം ആക്രണം നടത്തിയ മെക്‌സിക്കോ 18ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. ചിചാരിറ്റോ എന്ന ഹാവിയര്‍ ഹെര്‍ണാണ്ടസായിരുന്നു സ്‌കോറര്‍. ജീസസ് കൊറോണ ജമൈക്കന്‍ പ്രതിരോധത്തിന് മുകളിലൂടെ നല്‍കിയ പന്ത് ഹെഡ്ഡ് ചെയ്ത് ചിചാരിറ്റോ വലയിലെത്തിക്കുകയായിരുന്നു.ഹെര്‍ണാണ്ടസിന്റെ 45ാം അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു ഇത്.
ഗോള്‍ വഴങ്ങിയതോടെ ജമൈക്ക സമ്മര്‍ദത്തിലായി. ഗോള്‍ നേടാന്‍ അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ജമൈക്കന്‍ ഗോളി ഒച്ചോവയുടെ മാസ്മരിക സേവുകള്‍ അവരെ ഗോളില്‍ നിന്നകറ്റി. ആദ്യ പകുതിയില്‍ രണ്ടു സുവര്‍ണാവസരങ്ങളാണ് ടീം കളഞ്ഞു കുളിച്ചത്. 35ാം മിനുട്ടില്‍ ഗരെത് മക്ലിയരിയുടെ ഗോളെന്നുറച്ച ഷോട്ട് യാസര്‍ കൊറോണ തടഞ്ഞു. മിനിട്ടുകള്‍ക്ക് ശേഷം മൈക്കല്‍ ഹെക്റ്റര്‍ ഷോട്ട് ഒച്ചോവയുടെ കൈകളിലൊതുങ്ങി.
ക്ലെയ്റ്റണ്‍ ഡൊണാള്‍ഡ്‌സണായിരുന്നു ജമൈക്കയുടെ ആക്രമണങ്ങള്‍ നയിച്ചത്. ആദ്യ ഗോള്‍ വീണതിന് ശേഷം മൂന്നോളം അവസരങ്ങളാണ് ഡൊണാള്‍ഡസണന് നിര്‍ഭാഗ്യം കൊണ്ട് നഷ്ടപ്പെട്ടത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെക്‌സിക്കോയ്ക്ക് ലീഡുയര്‍ത്താനുള്ള അവസരം നഷ്ടപ്പെട്ടു. ബോക്‌സിന്റെ ആറു വാര അകലെ നിന്ന് ഹെര്‍ണാണ്ടസ് ഹെഡ്ഡറിന് ശ്രമിക്കവെ പന്ത് വഴുതി മാറുകയായിരുന്നു. ഗോളി മാത്രം തൊട്ടുമുന്നില്‍ നില്‍ക്കെ മികച്ച അവസരമാണ് താരം നഷ്ടപ്പെടുത്തിയത്. 78ാം മിനിറ്റില്‍ ഹെര്‍ണാണ്ടസിന് പകരം കളത്തിലിറങ്ങിയ ഒറിബെ പെരാള്‍റ്റ ടീമിന്റെ രണ്ടാം ഗോള്‍ നേടി. ഗ്രൗണ്ടിലിറങ്ങി മൂന്ന് മിനുട്ടിനുള്ളില്‍ പെരാള്‍ട്ട ലക്ഷ്യം കാണുകയായിരുന്നു. ലൊസാനയും ഹെരേരയും പെരാള്‍ട്ടയും ചേര്‍ന്നുള്ള നീക്കത്തിനൊടുവിലാണ് ഗോള്‍ പിറന്നത്. 2015 ഒക്ടോബറിന് ശേഷം കളിച്ച മത്സരങ്ങളിലൊന്നും പരാജയമറിയാത്ത മെക്‌സിക്കോ തുടര്‍ച്ചയായ 11ാം ജയമാണ് സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."