വികസന സമിതി അംഗങ്ങളുടെ നിയമനം റദ്ദാക്കി; സി.പി.എം സമരം പിന്‍വലിച്ചു
തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്തില്‍ പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ പാലിക്കാതെ വികസന സമിതി അംഗങ്ങളെ നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഒരാഴ്ചയായി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് തീരുമാനം റദ്ദ് ചെയ്യാന്‍ ധാരണയായി.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭരണം നടത്തുന്ന കോടംതുരുത്ത് പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വികസന സമിതിയംഗങ്ങളെ നിശ്ചയിച്ച പഞ്ചായത്ത് കമ്മിറ്റി യോഗം എല്‍.ഡി.എഫിലെ ആറ് അംഗങ്ങളും ബി.ജെ.പിയിലെ രണ്ടംഗങ്ങളും അറിയാതെയാണ്. ആകെയുള്ള 15 അംഗങ്ങളില്‍ ഏഴ് അംഗങ്ങള്‍ മാത്രം അറിഞ്ഞാണു വികസന സമിതി അംഗങ്ങളെ തിരുമാനിച്ചതെന്ന് പറയുന്നു.
കോണ്‍ഗ്രസ് ഭരണകക്ഷി അംഗങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് സൂസണ്‍ സെബാസ്റ്റ്യന്റെ ഏകാധിപത്യ തീരുമാനപ്രകാരമാണ് നിശ്ചയിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. കോണ്‍ഗ്രസ് അരൂര്‍ബ്ലോക്ക് സെക്രട്ടറി കെ.വി.സോളമനെ വികസന സമിതി വൈസ് ചെയര്‍മാനാക്കിയതും കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ സി.പി.എം.കോടംതുരുത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പഞ്ചായത്തംഗങ്ങളും പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.തുടര്‍ന്ന് വൈകിട്ട് സമരക്കാരും ഭരണകക്ഷി അംഗങ്ങളും സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് വികസന സമിതി അംഗങ്ങളെ നിശ്ചയിച്ച തീരുമാനം റദ്ദ് ചെയ്യാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.ഇന്നലെ രാവിലെ നടന്ന ഉപരോധം സി.പി.എം. അരൂര്‍ ഏരിയാ സെക്രട്ടറി പി.കെ സാബു ഉദ്ഘാടനം ചെയ്തു.
ആര്‍ അശോകന്‍ അധ്യക്ഷത വഹിച്ചു.പി.ഡി രമേശന്‍, ജി ബാഹുലേയന്‍.സി.ടി വിനോദ് ,പി.സി തങ്കപ്പന്‍, എസ് പ്രകാശന്‍, പഞ്ചായത്തംഗങ്ങളായ ബേബീ ടീച്ചര്‍, സി.റ്റി.സന്തോഷ്, എന്‍.എന്‍.രതീഷ്, ശാലിനി, ഉഷാ സോമന്‍, രുഗ്മണി ബോബന്‍ എന്നിവര്‍ പ്രസംഗിച്ചു. കുത്തിയതോട് എസ്.ഐ.എ.എല്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘമെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."