കോടതി സമീപനം നിരാശാജനകം
പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രിംകോടതിയുടെ ഇടപെടലില്‍ സുപ്രധാനമായ അഞ്ച് കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്.
1. കേന്ദ്ര സര്‍ക്കാരിന് മറുപടി സത്യവാങ്മൂലം നല്‍കാന്‍ വീണ്ടും നാലാഴ്ച സമയം അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നീക്കമാണ് ഇതിലൂടെ സുപ്രിംകോടതി നടത്തിയത്. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ അന്നുണ്ടായിരുന്നു 60 ഹരജികള്‍ക്ക് മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടാണ് ജനുവരി 22ലേക്ക് മാറ്റിയിരുന്നത്. ഒന്നിനുപോലും മറുപടി പറഞ്ഞില്ലെന്ന് മാത്രമല്ല, കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രത്തിന്റെ ഈ വീഴ്ചയ്‌ക്കെതിരേ പരാമര്‍ശങ്ങളൊന്നും കോടതിയില്‍ നിന്നുണ്ടായില്ല. അടുത്ത കേസ് പരിഗണിക്കുന്ന അഞ്ചാഴ്ച കാലംവരെ അസം, ത്രിപുര, യു.പി ഉള്‍പ്പെടെയുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുന്നത് തുടരാന്‍ സാധ്യതയുണ്ട്.
2.സമസ്ത ഉള്‍പ്പെടെ നല്‍കിയ ഹരജികള്‍ പൗരത്വ നടപടികള്‍ സ്റ്റേ ചെയ്യാനാണ്. കപില്‍ സിബലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അനുകൂലമായ ഒരു പരാമര്‍ശം പോലും കോടതി നടത്തിയിട്ടില്ല.
3.അസമിന്റെ കേസ് പ്രത്യേകം പരിഗണക്കണമെന്ന കേന്ദ്ര ആവശ്യം അംഗീകരിച്ചു. ഇതിനെ അഭിഭാഷകന്‍ കപില്‍ സിബല്‍ പിന്തുണയ്ക്കുകയായിരുന്നു. റിട്ട് ഹരജിയില്‍ 1484 / 19 അജന്ത നിയോഗും കേന്ദ്രവും തമ്മിലുള്ള അസമില്‍ നിന്നുള്ള ഹരജിയിലും ഹരജിക്കാരന് വേണ്ടി കപില്‍ സിബലായിരുന്നു ഹാജരായത്. അസമിനെ വേര്‍തിരിക്കുന്നതിനെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ശക്തമായി എതിര്‍ത്തിരുന്നു. ശേഷം അസം അക്കോര്‍ഡ് പ്രകാരം ത്രിപുരയും ഉള്‍പ്പെടുമെന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദം അംഗീകരിച്ചുകൊണ്ട് അസമിനൊപ്പം ത്രിപുരയെയും ചേര്‍ക്കുകയായിരുന്നു. ഇത് അപകടകരമായ നീക്കമാണ്.
അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിന് ശേഷമാണ് പൗരത്വ നിയമം നടപ്പാക്കിയത്. അതിനാലാണ് കേന്ദ്രസര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യമുണ്ടായത്. കേസ് വേര്‍തിരിച്ചതോടെ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ സുരക്ഷിതമായ അവസരമാണ് ഉണ്ടാവുന്നത്. യു.പിയില്‍ പൗരത്വ സംശയമുള്ള 40 ലക്ഷം പേരുടെ പട്ടിക തയാറാക്കുകയും അതില്‍പ്പെട്ട ഹിന്ദുക്കളോടും മറ്റും പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം നേടാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് മുസ്‌ലിംകളെ മാത്രം ഒഴിവാക്കുന്ന നീക്കമാണുണ്ടായത്. ഇത് മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിച്ച് വേഗത്തില്‍ ശിക്ഷാ നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാവും. നിലവില്‍ യു.പിയില്‍ പൗരത്വം സംശയമുള്ള 40 ലക്ഷം പേരില്‍ പിന്നാക്ക ഹിന്ദുക്കളുമുണ്ട്. ഇതിനെതിരേ അഭിഷേക് സിങ്‌വി സുപ്രിംകോടതിയില്‍ ആവര്‍ത്തിച്ച് വാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം അംഗീകരിച്ച് കോടതി മൗനം പാലിക്കുകയായിരുന്നു.
4.ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 32 പ്രകാരം അഗ്രീവിഡ് പാര്‍ട്ടിയിലാണ് എല്ലാ ഹരജിയും ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കേരളം ഫയല്‍ ചെയ്തത് ആര്‍ട്ടിക്കിള്‍ 131 പ്രകാരമാണ്. ഭരണഘടനാ പ്രശ്‌നം ഉന്നയിച്ചാണ് കേരളത്തിന്റെ ഹരജി. ഇതിന് ശേഷം ഫയല്‍ ചെയ്ത ഹരജികള്‍ പരിഗണിച്ചപ്പോഴും കേരളത്തിന്റേത് പരിഗണിക്കാത്തത് ദുരൂഹമാണ്. ഭരണഘടനാ വിഷയം കാരണം മാറ്റവച്ചതാവാന്‍ സാധ്യതയുണ്ട്.
5. 140 ഹരജികളിലും തുല്യ വിഷയമായതിനാല്‍ ഓരോ ഹരജികള്‍ക്കും മറുപടി നല്‍കാന്‍ കേന്ദ്രത്തിന് വ്യത്യസ്ത സമയം അനുവദിക്കേണ്ടിയിരുന്നില്ല. എല്ലാത്തിനും കേന്ദ്ര സര്‍ക്കാരിന് എത്രയും പെട്ടെന്ന് മറുപടികൊടുക്കാമായിരുന്നിട്ടും കേസ് നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നത് ബോധപൂര്‍വമാണ്.
വാദം നടക്കുന്നതിനിടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ഈ കാര്യത്തില്‍ കോടതിയില്‍ നിന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ട് ഇറങ്ങിപ്പോയതും പരാമര്‍ശ പ്രാധാന്യമുള്ളതാണ്. കേന്ദ്ര സര്‍ക്കാരിനെതിരേ വ്യക്തമായ തെളിവുകളുണ്ടായിരുന്ന റാഫേല്‍ അഴിമതി കേസ് സര്‍ക്കാരിന് അനുകുലമായ സൗകര്യം ഒരുക്കി ഒതുക്കിക്കൊടുത്ത സുപ്രിംകോടതി നിലപാട് പൗരത്വ കേസിലും ആവര്‍ത്തിക്കുന്നുണ്ടോയെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ ജുഡീഷ്യറിയിലും മറ്റും അര്‍പ്പിക്കുന്ന വിശ്വാസത്തിനുസരിച്ച് സുപ്രിംകോടതി ഉയര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ് അവതാളത്തിലാവും.
(കേരള ഹൈക്കോടതി അഭിഭാഷകനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."