വാട്‌സ്ആപ്പിന് എട്ടു വയസ്
കുറഞ്ഞ കാലത്തിനിടെ വന്‍ ജനപ്രീതി നേടിയെടുക്കാന്‍ കഴിഞ്ഞ വാട്‌സ്ആപ്പിന് ഇന്ന് എട്ടാം പിറന്നാള്‍. പ്രശസ്ത ഇ-മെയില്‍ കമ്പനിയായ യാഹുവിലെ ജീവനക്കാരായ ബ്രയാന്‍ ആക്റ്റണ്‍, ജാന്‍ കൂം എന്നിവര്‍ ചേര്‍ന്ന് 2009 ഫെബ്രുവരി 24നാണ് വാട്ട്‌സ്ആപ്പ് കമ്പനിക്ക് തുടക്കമിടുന്നത്.
2007 സെപ്റ്റംബറിലാണ് യാഹൂവില്‍ നിന്ന് ഇരുവരും രാജിവെച്ചത്. തുടര്‍ന്ന് ഫേസ്ബുക്കില്‍ ജോലി തേടിയെങ്കിലും നിരാശയായിരുന്നു മറുപടി. അങ്ങിനെ ഇരിക്കെയാണ് വരാനിരിക്കുന്നത് മൊബൈല്‍ അപ്ലിക്കേഷന്‍ വിപ്ലവമാണെന്ന് മനസിലാക്കിയത്. ഫെബ്രുവരിയിലായിരുന്നു കമ്പനി രൂപപ്പെട്ടതെങ്കിലും ജൂണിലായിരുന്നു വാട്‌സ്ആപ്പ് വികസിപ്പിച്ചത്.
ഇടയ്ക്ക് ജാന്‍ കൂം പരാജയപ്പെടുമെന്നുറപ്പിച്ച് പിന്മാറിയെങ്കിലും ബ്രയാന്‍ ആക്റ്റണ്‍ന്റെ പിന്തുണ കൊണ്ടായിരുന്നു വീണ്ടും പ്രവര്‍ത്തനം തുടര്‍ന്നത്. 2009 നവംബറോടെ ഇതിന്റെ ആദ്യ വാട്‌സ് ആപ്പ് ബീറ്റാ വെര്‍ഷന്‍ പുറംലോകത്തെത്തി. പിന്നീട് ഒരു ടെക്‌നോകമ്പനിയും നേടാത്തത്ര അത്ഭുതാവഹമായ വളര്‍ച്ചയായിരുന്നു വാട്‌സ്ആപ് സ്വന്തമാക്കിയത്. അതും വെറും 50 സ്റ്റാഫിനെ വച്ച്. അവരില്‍ 32 പേരും എണ്ണം പറഞ്ഞ എന്‍ജിനീയര്‍മാര്‍.
'no games, no gimmics' എന്ന ജാന്‍ കൂമിന്റെ നയത്തിനെ പ്രണയിച്ച് ലോകത്തിലെ ഭൂരിപക്ഷം ചെറുപ്പക്കാരും വാട്ട്‌സ്ആപ്പിലേക്കോടിയെത്തി. 2013-14ഓടെ ഇത് ജനങ്ങള്‍ക്കിടയില്‍ വന്‍പ്രചാരം നേടി. 2015ഓടെ നാട്ടിന്‍പുറങ്ങളില്‍ പോലും വാട്‌സ് ആപ്പ് സജീവ ചര്‍ച്ചാ വിഷയമായി മാറി. ഉപയോക്താക്കള്‍ക്ക് പരസ്പരം ആശയ കൈമാറ്റങ്ങള്‍ക്ക് പുറമെ, ലേഖനങ്ങളും, ചിത്രങ്ങളും, വീഡിയോകളും, ഓഡിയോകളും അയക്കാനും അവസാനം ഫ്രീ കാള്‍ സംവിധാനങ്ങള്‍ക്കും ഇതില്‍ സൗകര്യമൊരുക്കി.
[caption id="attachment_249412" align="alignnone" width="459"] ബ്രയാന്‍ ആക്റ്റണ്‍, ജാന്‍ കൂം[/caption]ഇപ്പോള്‍ ഏറ്റവും പുതിയ വെര്‍ഷനില്‍ ഡോക്യൂമെന്റുകള്‍ അയക്കാനും വാട്‌സ് ആപ്പില്‍ സാധിക്കുന്നു. ഐ ഫോണിലായിരുന്നു ഇതിന് തുടക്കം. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷമാണ് ബ്ലാക്ക്ബറിയില്‍ ഇതിനുള്ള സംവിധാനമൊരുക്കുന്നത്. 2011ഓടെ ഐ ഫോണിന്റെ ആദ്യ 20 അപ്ലിക്കേഷനില്‍ സ്ഥാനം ലഭിച്ചു.
2013 ഫെബ്രുവരിയോടെ ഇതിന്റെ ഉപയോക്താക്കളുടെ എണ്ണം 200 മില്യണ്‍ കഴിഞ്ഞു. ഇതോടെ കമ്പനി ദ്രുതഗതിയില്‍ വികസിച്ചു. 2013 ഡിസംബറോടെ ഇത് 400 മില്യണായി വികസിക്കുകയും, 2014 ഏപ്രിലില്‍ ഇത് 500 മില്ല്യനായി വളരുകയും ചെയ്തു. 2014 ഫെബ്രവരി 19ന് ഫേസ്ബുക്ക് നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ 1,14,000 കോടി രൂപയ്ക്ക് (19 ബില്ല്യന്‍ യു.എസ് ഡോളര്‍) വാട്ട്‌സ് ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി.
കൗതുകത്തോടെയായിരുന്നു ലോകം ഈ വാര്‍ത്ത കേട്ടത്. വാട്‌സ്ആപ്പ് ഏറ്റെടുത്തു കൊണ്ട് ഫെയ്‌സ്ബുക്കുടമ സക്കര്‍ബര്‍ഗ് പറഞ്ഞത് വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഫെയ്‌സ്ബുക്ക് ഇടപെടില്ലെന്നായിരുന്നു. പക്ഷെ പെട്ടന്നായിരുന്നു വാട്‌സ്ആപ്പ് കഴിഞ്ഞവര്‍ഷം അവരുടെ നയം മാറ്റിയത്. ജാന്‍ കൂം വാട്‌സ്ആപ്പ് അദ്യകാലത്തില്‍ പറഞ്ഞതിന്റെ നേരെ വിപരീതമായിരുന്നു പുതിയ സ്വകാര്യത നയങ്ങള്‍. നിലവില്‍ 100 കോടി ഉപഭോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്. പിറന്നാള്‍ സമ്മാനമായി സ്‌നാപ്ചാറ്റിന് സമാനമായ സ്റ്റാറ്റസ് ഫീച്ചറാണ് വാട്‌സാപ്പും പരീക്ഷിക്കുന്നത്. പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ വരുന്നത് സംബന്ധിച്ച് വാട്‌സാപ്പിന്റെ ഔദ്യോഗിക ബ്ലോഗിലും കുറിപ്പ് വന്നിട്ടുണ്ട്. ബ്ലോഗിലെ വിവരങ്ങള്‍ പ്രകാരം വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാം. ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. അതേസമയം, വാട്‌സാപ്പ് സ്റ്റാറ്റസില്‍ ചിത്രങ്ങളും വിഡിയോകളും താല്‍ക്കാലികമായി മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മള്‍ട്ടിമീഡിയ സ്റ്റാറ്റസ് അപ്രത്യക്ഷമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."