ശരീഅത്ത് ചട്ടം സര്‍ക്കാര്‍ തിരുത്തുന്നു
തിരുവനന്തപുരം: ശരീഅത്ത് ചട്ടം രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയതിനുശേഷം എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നീക്കം. 1937ലെ മുസ്‌ലിം പേഴ്‌സണല്‍ നിയമത്തില്‍ (ശരീഅത്ത്) 81 വര്‍ഷങ്ങള്‍ക്ക് ശേഷം ചട്ടം രൂപീകരിച്ച് ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിനു ശേഷമാണ് മുസ്‌ലിം സമൂഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതി വരുത്താന്‍ തീരുമാനം.
ശരീഅത്ത് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് മുസ്‌ലിംകള്‍ ആണെന്നുള്ള പ്രത്യേക സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയാണ് ഒഴിവാക്കുന്നത്.
ശരീഅത്ത് നിയമം ബാധകമാക്കേണ്ടാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍ മതി എന്നാണ് തിരുത്തുന്നത്. ശരീഅത്ത് നിയമത്തിന്റെ ചട്ടത്തില്‍ ഭേദഗതി ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. തുടര്‍ന്ന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ശരീഅത്ത് ചട്ടം രൂപീകരിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇതുപ്രകാരം ശരീഅത്ത് നിയമത്തിന്റെ ആനുകൂല്യം വേണ്ടവര്‍ തഹസില്‍ദാര്‍ക്ക് താന്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം സത്യവാങ്മൂലം നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു.
ഇത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എല്ലാവരും സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. എല്ലാവരും സത്യവാങ്മൂലം നല്‍കുന്നതിനുപകരം നിയമം ബാധകമാക്കേണ്ടാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍മതിയെന്ന ബദല്‍നിര്‍ദേശം കെ.എന്‍.എ. ഖാദര്‍ എം.എല്‍.എയാണ് മുന്നോട്ടുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."