ക്രൈംബ്രാഞ്ച് ശുദ്ധീകരണം അട്ടിമറിക്കാന്‍ നീക്കം
#ടി.എസ് നന്ദു
കൊച്ചി: അഴിമതിക്കാരെയും ദീര്‍ഘനാളായി ഡെപ്യൂട്ടേഷനില്‍ തുടരുന്നവരെയും ഒഴിവാക്കി സംസ്ഥാന ക്രൈംബ്രാഞ്ചിനെ ശുദ്ധീകരിക്കാനുള്ള നീക്കം അട്ടിമറിക്കാന്‍ ശ്രമം. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി (ക്രൈംസ്) ഷേഖ് ദര്‍വേഷ് സാഹിബ് പുറത്തിറക്കിയ സര്‍ക്കുലറിനോട് മുഖം തിരിച്ചു നില്‍ക്കുകയാണ് ഭൂരിഭാഗം ക്രൈംബ്രാഞ്ച് യൂനിറ്റുകളും.
നിയമവിരുദ്ധവും, നിഷേധാത്മകവുമായ പ്രവണതകള്‍ അവസാനിപ്പിച്ച് ക്രൈംബ്രാഞ്ചിനെ ശുദ്ധീകരിക്കാന്‍ ലക്ഷ്യം വച്ചാണ് എ.ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഡെപ്യൂട്ടേഷന്റെ പേരില്‍ ദീര്‍ഘനാളായി ഒരേ സ്ഥലത്ത് ഒരേ തസ്തികയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കാനാണ് സര്‍ക്കുലറിലൂടെ എ.ഡി.ജി.പി ലക്ഷ്യമിട്ടത്. ഇവരുടെ ജോലി സംബന്ധിച്ച എല്ലാ വിവരങ്ങളും ആവശ്യപ്പെട്ടുകൊണ്ട് ജനുവരി ഒന്നിനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മൂന്നാം തിയതി വരെ ആയിരുന്നു ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ ആദ്യം സമയം നല്‍കിയിരുന്നത്. എന്നാല്‍ വിവരം കൈമാറാത്ത സാഹചര്യത്തില്‍ സമയ പരിധി ഏഴാം തിയതി വരെ നീട്ടി. എന്നാല്‍ ഒന്‍പതാം തിയതി ആയിട്ടും വിവരങ്ങള്‍ കൈമാറാന്‍ ക്രൈംബ്രാഞ്ചിന്റെ ഭൂരിഭാഗം യൂനിറ്റുകളും തയാറായിട്ടില്ല.
പൊലിസ് സേനയില്‍ നിന്നും മറ്റും ഡെപ്യൂട്ടേഷനില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രൈം ബ്രാഞ്ചില്‍ എത്തിയവരെയാണ് സര്‍ക്കുലര്‍ ലക്ഷ്യമിടുന്നത്. ഡെപ്യൂട്ടേഷനില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മാതൃ വകുപ്പുകളിലേക്ക് തിരികെപ്പോകണം എന്നാണ് ചട്ടം. എന്നാല്‍ കാലാവധി തീര്‍ന്നിട്ടും ഡെപ്യൂട്ടേഷന്‍ പലതവണ പുതിക്കി ക്രൈംബ്രാഞ്ചില്‍ത്തന്നെ തുടരുന്നവരാണ് ഏറെയും. ഉന്നത സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ തുടരുന്നത്. തിരുവനന്തപുരം യൂനിറ്റില്‍ മാത്രം 40 ശതമാനത്തോളമുണ്ടത്രേ ഇത്തരക്കാര്‍. ക്രൈംബ്രാഞ്ചിനെതിരേ നിരവധി ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് എ.ഡി.ജി.പിയുടെ ഉത്തരവ്. എന്നാല്‍ ഉത്തരവിനോട് തണുത്ത പ്രതികരണമാണ് സേനയില്‍ നിന്നുള്ളത്. 12 മുതല്‍ 18 വര്‍ഷം വരെയായി ഇവിടെ തുടരുന്നവര്‍ ഉണ്ടത്രേ. ഇത്തരക്കാരോട് സാധാരണ ഉദ്യോഗസ്ഥര്‍ക്കുള്ള അമര്‍ഷം മുന്‍പില്ലാത്തവിധം പ്രകടമായ സാഹചര്യം കൂടി കണക്കിലെടുത്താണ് എ.ഡി.ജി.പിയുടെ നിര്‍ദേശം എന്നാണ് വിവരം.
നേരത്തേ വിജിലന്‍സ് അടക്കമുള്ള സേനകളെ ശുദ്ധീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും സമാന ഉത്തരവിറക്കിയിരുന്നു. അത് അട്ടിമറിക്കാനുള്ള നീക്കം ശക്തമായിരുന്നെങ്കിലും ആഭ്യന്തരവകുപ്പിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കിയിരുന്നു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ ഉത്തരവ് നടപ്പാക്കാനും ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ അനിവാര്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."