പത്തിരിയും നൂല്‍പുട്ടും വെള്ളപ്പവും ബീഫ് ഇഷ്ടുവുമെല്ലാം തയാര്‍ റഷീദ് നോമ്പുതുറ വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ്
കോഴിക്കോട്: രാവിലെ തന്നെ പത്തിരി ചുട്ടും കറി വച്ചും നോമ്പുതുറകള്‍ ഒരുക്കുന്ന കാലം കഴിയുകയാണ്. ഓര്‍ഡര്‍ ചെയ്താല്‍ എല്ലാം സമയമാകുമ്പോള്‍ വീട്ടിലെത്തും. ആവശ്യമുള്ളവയുടെ പേരും എണ്ണവും നല്‍കിയാല്‍ മാത്രം മതി. കോഴിക്കോട് നഗരത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ നിരവധിയാണ്.
എന്നാല്‍ മിതമായ വിലയില്‍ വിവിധയിനം നോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്ന കടയാണ് മുഖദാറിലെ കെ.എം.ആര്‍ ഫുഡ് പ്രൊഡക്ട്. നോമ്പുകാലത്ത് പ്രത്യേകമായ തുറ വിഭവങ്ങള്‍ തന്നെ ഇവിടെയുണ്ടാക്കുമെന്ന് ഉടമസ്ഥനായ മുഹമ്മദ് റഷീദ് പറയുന്നു. നൂല്‍പുട്ട്, വെള്ളപ്പം, നൈസ് പത്തിരി, ചപ്പാത്തി, പുട്ട്, കണ്ണുവച്ച പത്തിരി തുടങ്ങിയവയാണ് ഇവിടെ ഉണ്ടാക്കുന്നത്. വലിയ ഓര്‍ഡറുകളെല്ലാം നേരത്തെ തന്നെ അറിയിച്ചാല്‍ കൃത്യസമയത്ത് തന്നെ ലഭിക്കും. കുറഞ്ഞ എണ്ണം മതിയെങ്കില്‍ എപ്പോള്‍ പോയാലും റെഡിയായിട്ടുണ്ടാകും.
നിലമ്പൂര്‍ സ്വദേശിയായ റഷീദ് ചെറുപ്പം മുതല്‍ തന്നെ ഈ മേഖലയിലാണ്. 24 വര്‍ഷം മുന്‍പാണ് കോഴിക്കോട്ടെ മുഖദാറിലെത്തിയത്. വന്നതിനു ശേഷമുള്ള മുന്നാമത്തെ കടയാണിത്. ഇപ്പോള്‍ കടയും ഓഫിസും പ്രവര്‍ത്തിക്കുന്ന നാലുനിലകെട്ടിടം സ്വന്തമായുള്ളതാണ്. മകന്‍ ശുഐബ് ജോലിക്ക് കൂട്ടായി എപ്പോഴും കൂടെയുണ്ട്. എറ്റവും നല്ല ഭക്ഷണം കുറഞ്ഞ വിലയില്‍ നല്‍കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. അഞ്ചോളം പേര്‍ ജോലിക്കാരായി എപ്പോഴുമുണ്ടാകാറുണ്ട്. നോമ്പുള്‍പ്പെടുയുള്ള സീസണണില്‍ ജോലിക്കാര്‍ അധികമുണ്ടാകും. ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ കറിയും ഇവിടെ റെഡിയാണ്. ചിക്കന്‍ ഫ്രൈയും ബീഫ് ഇഷ്ടുവും ഓര്‍ഡര്‍ അനുസരിച്ച് തയാറാക്കി നല്‍കും. നോമ്പ് കാലത്ത് രാവിലെ ഒന്‍പത് മുതല്‍ ജോലി തുടങ്ങും. മറ്റു സമയങ്ങളില്‍ രാവിലെ നാലിനാണ് ജോലി ആരംഭിക്കുക.
പത്തിരിയും ചപ്പാത്തിയും തയാറാക്കുന്നത് മെഷീന്‍ ഉപയോഗിച്ചാണ്. ചുട്ടെടുക്കുന്നത് കല്ലില്‍ തന്നെ. ദിനേനെ അയ്യായിരത്തോളം പത്തിരി വിറ്റു പോകുന്നുണ്ടെന്ന് റഷീദ് പറയുന്നു. ഓര്‍ഡറിനനുസരിച്ച ഇതില്‍ മാറ്റം വരാറുണ്ട്. പച്ചയരി പൊടിക്കലും വറക്കലുമെല്ലാം ഇവരുടെ മേല്‍ നോട്ടത്തില്‍ തന്നെയാണ് നടക്കുന്നത്. കല്യാണത്തിനും സല്‍ക്കാരത്തിനുമെല്ലാം ഇവര്‍ വിഭവങ്ങള്‍ നല്‍കാറുണ്ട്.
എത്ര എണ്ണം വാങ്ങിയാലും ഒരേ വിലയാണ്. നൈസ് പത്തിരി ഒന്നിനു മൂന്നു രൂപയാണ് വില. നൂല്‍പുട്ടിന് നാലു രൂപ നല്‍കിയാല്‍ മതി. ചപ്പാത്തിക്ക് 3.50 ആണ്. പുട്ടിന് ആറു രൂപയും കണ്ണുവച്ച പത്തിരിക്ക് എട്ടു രൂപയുമാണ് വില. കൂടാതെ മറ്റുവിഭവങ്ങള്‍ ഏതു വേണമെങ്കിലും ആവശ്യാനുസരണം തയാറാക്കി നല്‍കാറുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."