കാന്‍പൂര്‍ ട്രെയിന്‍ അപകടം: പിന്നില്‍ വിദേശ കരങ്ങളെന്ന് മോദി
ഗോണ്ഡ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ കഴിഞ്ഞ നവംബര്‍ 21ന് 148 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന് പിന്നില്‍ അതിര്‍ത്തിക്കപ്പുറത്തുള്ളവരുടെ കൈകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തെക്കുറിച്ച് അന്വേഷിച്ച പൊലിസ് സംഘം ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന വെളിപ്പെട്ടത്. ഇതില്‍ അതിര്‍ത്തിക്കപ്പുറത്തുള്ളവരുടെ പങ്കാളിത്തമാണ് വെളിപ്പെട്ടതെന്ന് പാകിസ്താന്റെ പേരെടുത്ത് പറയാതെ മോദി ആരോപണമുന്നയിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ഡയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അറസ്റ്റിലായവരില്‍ പ്രധാനിയായ നേപ്പാള്‍ പൗരനായ ശംസുല്‍ ഹുഡക്ക് ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
ഇയാള്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളാണെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കാന്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ മുഖ്യപ്രതി ഇയാളാണ്. കൂടെ അറസ്റ്റിലായ മറ്റ് നാലുപേരും പാക് ചാരസംഘടനയുടെ ഏജന്റുമാരാണ്. ഇവര്‍ക്ക് പാകിസ്താന്‍, മലേഷ്യ, യു.എ.ഇ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തനത്തിനുള്ള കണ്ണികളുണ്ടെന്നും നേപ്പാള്‍ ഔദ്യോഗികമായി അറിയിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു.
ഇത്തരം ഗൂഢാലോചനക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നവരെ വിജയിപ്പിച്ചാല്‍ രാജ്യസുരക്ഷ സാധ്യമാകുമോയെന്നും മോദി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."