97 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്കി
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി കെ.കെ ശൈലജ. നാല് ദിവസങ്ങളിലായി നടന്ന മരുന്ന് വിതരണത്തിലൂടെ ഭൂരിപക്ഷം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്കാന് രക്ഷകര്‍ത്താക്കള്‍ തയാറായെന്ന് മന്ത്രി പറഞ്ഞു. നാലാം ദിനമായ ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 5 വയസിന് താഴെ പ്രായമുള്ള 97 ശതമാനം കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കാനായി. മുന്‍ വര്‍ഷത്തില്‍ 96.6 ശതമാനം കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കിയിരുന്നത്. ഏറ്റവും കുറവുള്ള മലപ്പുറം ജില്ലയില്‍ 91 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാനായി.
ആദ്യ ദിനത്തില്‍ 19,59,832 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനായി. ബാക്കിയുള്ള കുട്ടികള്‍ക്ക് കൂടി തുള്ളിമരുന്ന് നല്‍കാനായി തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലായി ആരോഗ്യ പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തുകയും ചെയ്തു. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ 23,79,542 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനായി.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ മുഴുവന്‍ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്കി. ഈ നാല് ജില്ലകളിലും ഉദ്ദേശിച്ച ലക്ഷ്യത്തില്‍ കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കാനായി. തിരുവനന്തപുരം 104 ശതമാനം, കൊല്ലം 99, പത്തനംതിട്ട 94, ആലപ്പുഴ 95, കോട്ടയം 94, ഇടുക്കി 103, എറണാകുളം 103, തൃശൂര്‍ 101, പാലക്കാട് 99, മലപ്പുറം 91, കോഴിക്കോട് 95, വയനാട് 99, കണ്ണൂര്‍ 96, കാസര്‍കോട് 94 ശതമാനം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."