കുട്ടികള്‍ക്കെതിരായ സൈബര്‍ അതിക്രമങ്ങളില്‍ വന്‍ വര്‍ധന
തിരുവനന്തപുരം:രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നതിനനുസരിച്ച് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളും പെരുകുന്നു.
ഇതിലധികവും ലൈംഗികാതിക്രമങ്ങളാണ്. വിവിധ ഏജന്‍സികളില്‍ നിന്ന് യൂനിസെഫ് സംഘടിപ്പിച്ച് ക്രോഡീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ഇത് ഉത്കണ്‍ഠാജനകമാണെന്നാണ് യൂനിസെഫിന്റെ വിലയിരുത്തല്‍.
40 കോടി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇടത്തരം സാമ്പത്തികനിലയുള്ള മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് കുറവാണെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യമാണ് ഇന്ത്യയില്‍. ഉപയോഗം 60 ശതമാനവും നഗരപ്രദേശങ്ങളിലാണ്.
നഗരങ്ങളില്‍ ഓണ്‍ലൈന്‍ ജനസംഖ്യയില്‍ മൂന്നിലൊന്ന് സ്ത്രീകളാണ്. ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീകള്‍ 10 ശതമാനവും. ഗ്രാമങ്ങളില്‍ മൊബൈല്‍ ഫോണ്‍ വഴി നെറ്റില്‍ കയറുന്നവരാണ് അധികവും. ആധുനിക മൊബൈല്‍ ഫോണ്‍ വ്യാപകമായതോടെയാണ് ഇന്റര്‍നെറ്റ് ഉപയോഗം കുത്തനെ ഉയരാന്‍ തുടങ്ങിയത്.
നെറ്റ് കണക്്ഷനുള്ള ഫോണ്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. നൂറില്‍73 പേര്‍ക്ക് മൊബൈല്‍ കണക്ഷനുണ്ട്. 36 പേര്‍ക്ക് ഫോണില്‍ നെറ്റ് ബന്ധവുമുണ്ട്. ഈ വ്യാപനത്തോടൊപ്പം നെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണവും പെരുകി. സാങ്കേതികവിദ്യയില്‍ ഭൂരിപക്ഷം മാതാപിതാക്കളേക്കാള്‍ അറിവുള്ള കുട്ടികള്‍ കൗതുകത്തില്‍ തുടങ്ങുന്ന നെറ്റ് അന്വേഷണങ്ങളാണ് പലപ്പോഴും ചതിക്കുഴികളിലെത്തിക്കുന്നത്.
പല തരത്തിലുമുള്ള അതിക്രമങ്ങള്‍ക്കാണ് കുട്ടികള്‍ ഇരകളാകുന്നത്. ഭീഷണി, അപകീര്‍ത്തിപ്പെടുത്തല്‍, വൈകാരിക ചൂഷണം, ലൈംഗികമായി ശല്യപ്പെടുത്തല്‍, കുട്ടികളുടെ നഗ്നതയടങ്ങിയ ഫോട്ടോയുടെയും വീഡിയോയുടെയും നിര്‍മാണവും പ്രചാരണവും, നഗ്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചു ഭീഷണി, നഗ്നത പ്രചരിപ്പിച്ച് പകപോക്കല്‍, നഗ്ന വീഡിയോ ലൈവായി കാണിക്കല്‍, പ്രലോഭിപ്പിച്ച് സ്വന്തം നഗ്നചിത്രം അയപ്പിക്കല്‍, ലൈംഗിക ചാറ്റുകള്‍, തീവ്രവാദ ആശയങ്ങളുടെ പ്രചാരണവും അത്തരം സംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റും, വ്യാജ ഐ.ഡി ഉപയോഗിച്ച് ആള്‍മാറാട്ടത്തിലൂടെ കബളിപ്പിക്കല്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കല്‍, വ്യക്തിപരമായ വിവരങ്ങള്‍ കൈക്കലാക്കല്‍, മദ്യ ലഹരിമരുന്നുകളിലേക്കും ആകര്‍ഷിക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കല്‍ തുടങ്ങിയ അതിക്രമങ്ങള്‍ നെറ്റ് വഴി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇത് അടിയന്തരമായി തടയാന്‍ വിവിധ തരത്തിലുള്ള നടപടികളുണ്ടാകേണ്ടതുണ്ടെന്ന് യൂനിസെഫ് നിര്‍ദേശിക്കുന്നു. മാതാപിതാക്കളും അധ്യാപകരും സര്‍ക്കാരും ഐ.ടി മേഖലയും മാധ്യമങ്ങളും ചേര്‍ന്ന് ബോധവല്‍കരണം, നിയമമുണ്ടാക്കല്‍, പൊതുജന അവബോധം സൃഷ്ടിക്കല്‍ തുടങ്ങി വിവിധതരം പ്രവര്‍ത്തനങ്ങള്‍ ഇതിനായി നടത്തേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."