തമിഴ്‌നാട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കടത്തിയ കേസില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
തൊടുപുഴ: കെ.എസ്.ആര്‍.ടി.സി ബസില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കടത്തിയ കേസില്‍ അഞ്ച് യുവാക്കളെ പൊലിസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട സ്വദേശികളായ കക്കുഴിയില്‍ ദിനു കുരുവിള(25), കൈപ്പുഴ വീട്ടില്‍ ജോയല്‍ ഏബ്രഹാം(25), പുത്തന്‍പറമ്പില്‍ ജോബിന്‍ ജോസഫ്(25), മിനിവിലാസം വീട്ടില്‍ അരുണ്‍ ബാബു(25), കൈപ്പുഴ വീട്ടില്‍ അപ്പി കുര്യന്‍(35)എന്നിവരെയാണ് കുമളി പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. കുമളി അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ മധുര തേനി തിരുവല്ല സൂപ്പര്‍ ഫാസ്റ്റ് ബസില്‍ നിന്നും അത്യുഗ്രശേഷിയുളള സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
25,500 സാധാരണ ഡിറ്റനേറ്ററുകളും 3000 ഇലക്ട്രിക് ഡിറ്റനേറ്ററുകളുമാണ് ബാഗില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവ കൊണ്ടുവന്ന ആളുകളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. കമ്പത്തു നിന്നും പീരുമേട്ടിലേക്ക് ടിക്കറ്റെടുത്ത മൂന്ന് യുവാക്കളാണ് ഇവ കൊണ്ടുവന്നതെന്ന് ബസ് ജീവനക്കാര്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. ഇവരെ ഇന്നലെ കുമളി സ്റ്റേഷനില്‍ വച്ച് ബസ് ജീവനക്കാര്‍ തിരിച്ചറിഞ്ഞിരുന്നു.
കുമളി ടൗണില്‍ പൊലിസ് സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയില്‍ നിന്നും മൂന്ന് യുവാക്കളുടെ ചിത്രവും പൊലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആന്ധ്രാപ്രദേശിലെ ഐഡിയല്‍ കമ്പനിയില്‍ നിര്‍മിച്ച സ്‌ഫോടക വസ്തുകളാണിവയെന്ന് കണ്ടെത്തി. തമിഴ്‌നാട്ടിലെ ധര്‍മ്മപുരി, വെല്ലൂര്‍ ജില്ലയിലെ കാട്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
വെല്ലൂരിലെ കാട്പാടി സ്വദേശി ലോകനാഥന്‍ എന്നയാളാണ് ഇവര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ നല്‍കിയതെന്ന വിവരവും പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇയാളിപ്പോള്‍ തമിഴ്‌നാട് പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ചെക്ക് പോസ്റ്റിലെ രണ്ട് പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രതികള്‍ പത്തനംതിട്ടയില്‍ വിവിധ സ്ഥാപനങ്ങള്‍ നടത്തുന്നവരാണെന്നും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായും പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ഹാജരാക്കി.
ജില്ലാ പൊലിസ് മേധാവി വേണുഗോപാല്‍, കട്ടപ്പന ഡിവൈ.എസ്.പി. എന്‍.സി രാജ്‌മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.പ്രദീപ്കുമാര്‍, എസ്.ഐ.ജോബി തോമസ്, സ്‌ക്വാഡിലെ പൊലിസ് ഉദ്യോഗസ്ഥരായ എസ്. സുബൈര്‍, സതീഷ്, സജിമോന്‍, തങ്കച്ചന്‍ എന്നിവരാണ്പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."