കര്‍ണാടകത്തില്‍ അന്ധവിശ്വാസം ക്രിമിനല്‍ കുറ്റം; ആഭിചാരവും ദുര്‍മന്ത്രവാദവും നടത്തുന്നവര്‍ക്ക് ഏഴുവര്‍ഷം തടവ്
ബംഗളൂരു: കര്‍ണാടകത്തില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ, മനുഷ്യത്വത്തിനു നിരക്കാത്ത ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ ഇനി ഏഴു വര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരും. അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം യദ്യൂരപ്പ സര്‍ക്കാര്‍ പുറത്തിറക്കി.
എല്ലാ അന്ധവിശ്വാസങ്ങളും ക്രിമിനല്‍ കുറ്റമാകും. ആഭിചാരം, ദുര്‍മന്ത്രവാദം, നിധിക്കുവേണ്ടിയുള്ള പൂജ, ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ ഉരുളുക, മനുഷ്യന്റെ അന്തസിനെ ബാധിക്കുന്ന ദുരാചാരങ്ങള്‍, സ്ത്രീകളെ വിവസ്ത്രയാക്കിനിര്‍ത്തല്‍, നഗ്ന നാരീപൂജ, നരബലി, മൃഗങ്ങളെ കഴുത്തില്‍ കടിച്ച് കൊല്ലുക, ഉത്സവത്തിന്റെ ഭാഗമായുള്ള കനല്‍നടത്തം, വശീകരണ ഉപാധികള്‍ തുടങ്ങിയ ദുരാചാരങ്ങളാണ് നിരോധിച്ചത്.
2017-ല്‍ കോണ്‍ഗ്രസുകാരനായ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് നിയമം കൊണ്ടുവന്നത്. നിയമസഭ പാസാക്കിയ ബില്ലിന് അന്ന് ഗവര്‍ണര്‍ വാജുഭായ് വാല അനുമതി നല്‍കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമത്തിന്റെ മാതൃകയിലാണ് നിയമം കൊണ്ടുവന്നത്. സിദ്ധാരമയ്യ സര്‍ക്കാര്‍ അന്ന് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍ത്ത ബി.ജെ.പിയുടെ സര്‍ക്കാരാണ് ഇപ്പോള്‍ നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."