ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കന്നുകാലികളെ വാങ്ങുന്നതിനും ഇനി വായ്പ ലഭിക്കും
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: കര്‍ഷകര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന കന്നുകാലികള്‍ക്കും മതിയായ വായ്പാ ആനുകൂല്യം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. പ്രളയക്കെടുതി മൂലം കുറവ് വന്ന സംസ്ഥാനത്തിന്റെ കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്തിനകത്ത് നിന്ന് വാങ്ങുന്ന കന്നുകാലികള്‍ക്കാണ് തദ്ദേശ സ്ഥാപനങ്ങള്‍ വായ്പയും ആനുകൂല്യങ്ങളും നല്‍കിയിരുന്നത്. എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മികച്ച കാലികളെ എത്തിച്ചാല്‍ കര്‍ഷകര്‍ കടക്കെണിയിലാവുകയാണ്. ഇത്തരത്തിലുള്ളവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ആനുകൂല്യത്തിന് എത്തുമ്പോള്‍ വെറും കൈയോടെ മടങ്ങേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്.
കന്നുകാലികളെ വാങ്ങാന്‍ ബാങ്കുകള്‍ വായ്പ അനുവദിക്കുന്നുണ്ട്. വായ്പാ തുക കര്‍ഷകന്‍ അടക്കുമ്പോള്‍ ഇതിന്റെ പലിശ തദ്ദേശ സ്ഥാപനങ്ങളാണ് നല്‍കേണ്ടത്. എന്നാല്‍ പുറം നാട്ടില്‍ നിന്നെത്തിക്കുന്ന കന്നുകാലികള്‍ക്ക് ഈ ആനുകൂല്യവും ലഭിക്കുന്നില്ലെന്ന് കര്‍ഷകരില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് നിരവധി കര്‍ഷകര്‍ വകുപ്പ് അധികാരികള്‍ക്ക് പരാതിയും നല്‍കിയിരുന്നു.
കര്‍ഷകരുടെ പരാതി സംസ്ഥാന വികേന്ദ്രീകൃതാസൂത്രണ കോ ഓഡിനേഷന്‍ കമ്മിറ്റി പരിശോധിച്ചിരുന്നു. ഇതരസംസ്ഥാനത്ത് നിന്ന് കാലികളെ വാങ്ങുന്നത് മൃഗസംരക്ഷണ ഡയരക്ടറും അനുകൂലിച്ചതോടെയാണ് കര്‍ഷകര്‍ക്ക് ആശ്വാസ നടപടി ഉണ്ടായത്. കാലികള്‍ വാങ്ങുന്നതിന് 50 ശതമാനം വരെ സബ്‌സിഡി കര്‍ഷകര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലായി സംസ്ഥാനത്ത് നിരവധി കന്നുകാലികളാണ് ചത്തൊടുങ്ങിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."