സി.പി.എം അംഗത്തിന്റെ വോട്ട് യു.ഡി.എഫിന്; വെങ്ങോല പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി
കൊച്ചി: സി.പി.എം അഗം യു.ഡി.എഫിന് വോട്ടു ചെയ്തതിനെത്തുടര്‍ന്ന് എറണാകുളം വെങ്ങോല പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. എല്‍.ഡി.എഫ് അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയുമായ സ്വാതി റെജികുമാറാണ് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്. 23 മുന്ന് അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വാതി റെജികുമാറടക്കം 12 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് അവിശ്വാസം പാസ്സായത്.
ഒന്നര വര്‍ഷം മുമ്പ് മുസ്‌ലിം ലീഗ് വിമതന്‍ എല്‍.ഡി.എഫില്‍ എത്തിയതോടെയാണ് വെങ്ങോല പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് കിട്ടിയത്. ഭരണം കിട്ടിയ ശേഷം ബാക്കിയുള്ള കാലാവധിയില്‍ പകുതി വീതം നിലവിലെ പ്രസിഡന്റ് ധന്യ ലൈജുവിനും സ്വാതി റെജികുമാറിനും ന!ല്‍കുമെന്നായിരുന്നു സി.പി.എം ധാരണ. എന്നാല്‍ പറഞ്ഞുറപ്പിച്ച കാലാവധി കഴിഞ്ഞിട്ടും സ്വാതി റെജികുമാറിനെ പ്രസിഡന്റ് ആക്കാന്‍ സി.പി.എം തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ യു.ഡി.എഫ് ചേരിയിലെത്തിയത്. ഇതേ തുടര്‍ന്നാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
പട്ടികജാതി- പട്ടികവര്‍ഗ വനിതാ പഞ്ചായത്ത് പ്രസിഡന്റിന് സംവരണം ചെയ്ത പഞ്ചായത്താണ് വെങ്ങോല. 23 വാര്‍ഡില്‍ 11 ഇടത്ത് യു.ഡി.എഫും പത്തിടത്ത് എല്‍.ഡി.എഫുമാണ് ജയിച്ചത്. ലീഗ് വിമതന്‍ അടക്കം രണ്ടു പേര്‍ സ്വതന്ത്രര്‍. യു.ഡി.എഫിനാകട്ടെ ഇവിടെ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍ വനിതയെ ജയിപ്പിക്കാനുമായിരുന്നില്ല.
കഴിഞ്ഞ 26 ന് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കനത്ത പൊലിസ് സുരക്ഷയിലാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. പഞ്ചായത്തിലെ മിനുട്‌സ് ബുക്കുമായി എല്‍.ഡി.എഫ് അംഗങ്ങള്‍ കടന്നുകളയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി കനത്ത സുരക്ഷ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. സ്വാതി റെജികുമാര്‍ തന്നെയാണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഭാര്യ കാലുമാറിയതിനെ തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റെജികുമാറിനെ സി.പി.എം തല്‍സ്ഥാനത്ത് നിന്നു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."