എ.ടി.എമ്മില്‍നിന്ന് പണം ലഭിക്കുന്നില്ല; പിന്‍വലിച്ചതായി സന്ദേശവും
എടച്ചേരി: നാദാപുരം മേഖലയിലെ വിവിധ ബാങ്കുകള്‍ സ്ഥാപിച്ച എം.ടി.എം മെഷീനുകളില്‍നിന്നു കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കുന്ന ഇടപാടുകാര്‍ക്ക് പണം ലഭിക്കുന്നില്ലെന്ന് പരാതി.
എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണിലേക്ക് പണം പിന്‍വലിച്ചതായി സന്ദേശമെത്തുകയും ചെയ്യുന്നതിനാല്‍ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുമോ എന്നാണ് ഇടപാടുകാര്‍ ഭയക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എടച്ചേരി തലായി ടൗണില്‍ സ്ഥാപിച്ച ഐ.ഡി.ബി ബാങ്കിന്റെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ച പലര്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. എസ്.ബി.ഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മറ്റു ബാങ്കുകളുടെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
തങ്ങളുടെ അക്കൗണ്ടുള്ള എസ്.ബി.ഐ ശാഖകളില്‍ അന്വേഷിച്ചപ്പോള്‍ നെറ്റ്‌വര്‍ക്ക് തടസം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പണം അക്കൗണ്ടിലേക്ക് തിരിച്ചുവരുമെന്നുമാണ് ഇടപാടുകാര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ അങ്ങനെ ലഭിക്കണമെങ്കില്‍ തങ്ങളുടെ അക്കൗണ്ട് നമ്പരും ലഭിക്കാതെ പോയ സംഖ്യയും സൂചിപ്പിച്ച് കൊണ്ടുള്ള പരാതി ബാങ്കില്‍ കൊടുക്കാനാണ് പറയുന്നത്.
മുംബൈയിലുള്ള എസ്.ബി.ഐ ഹെഡ് ഓഫിസില്‍ നിന്നാണ് ഇതിന് പരിഹാരം കാണേണ്ടെതെന്നുമാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്. ഏഴു ദിവസത്തിനകം പണം തിരികെ അക്കൗണ്ടിലെത്തിയില്ലെങ്കില്‍ ബാങ്ക് നല്‍കിയ റഫറന്‍സ് നമ്പറില്‍ ബന്ധപ്പെടണമെന്ന അറിയിപ്പും ഇടപാടുകാര്‍ക്ക് നല്‍കുകയാണ്. തങ്ങള്‍ക്ക് ലഭിക്കാതെ പോയ പതിനായിരം വരെയുള്ള സംഖ്യകള്‍ തിരികെ ലഭിക്കാനുള്ള കാത്തിരിപ്പില്‍ തുടരുകയാണ് എസ്.ബി.ഐ ഇടപാടുകാരില്‍ പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."