ചിലക്കൂര്‍ മേഖലയില്‍ മോഷണവും അക്രമവും പെരുകുന്നു: ജനം ഭീതിയില്‍
വര്‍ക്കല : ചിലക്കൂര്‍ ചുമടുതാങ്ങിമുക്ക്,വള്ളക്കടവ് മേഖലകളില്‍ മോഷണവും സാമൂഹിക വിരുദ്ധശല്യവും വര്‍ധിക്കുന്നതായി പരാതി. വളര്‍ത്തു മൃഗങ്ങള്‍,വാഴക്കുലകള്‍,തേങ്ങ മുതലായവ വീടുകളില്‍ നിന്ന് മോഷണം പോകുന്നത് പതിവാകുന്നു.
വീടിന് പുറത്ത് സൂക്ഷിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്നും പെട്രോള്‍ ഊറ്റുന്ന സംഭവം ആവര്‍ത്തിക്കുകയാണ്.രാത്രിയിലെത്തുന്ന സംഘങ്ങള്‍ വീട്ടുകാരുണ്ടെങ്കിലും ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയും ചെയ്യുന്നു. പ്രതികരിക്കുന്നവരെ മര്‍ദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. വീട്ടുകാരുണര്‍ന്ന് പുറത്തിറങ്ങിയാല്‍ കല്ലെറിയുകയാണ് ഇവരുടെ രീതി.ഇളമ്പന, പഴിഞ്ഞിയില്‍ ക്ഷേത്രങ്ങളുടെ സമീപ പ്രദേശം, പണയില്‍ സ്‌കൂള്‍ പരിസരം, ചിറമുക്ക്, വള്ളക്കടവ് ഭാഗങ്ങളിലാണ് അക്രമികള്‍ ഭീതിപടര്‍ത്തുന്നത്. ഒരുമാസം മുന്‍പ് പണയില്‍ സ്‌കൂളിനും ഇളമ്പന ക്ഷേത്രത്തിനും മധ്യേയുള്ള പുരയിടത്തില്‍ മോഷണവും സാമൂഹികവിരുദ്ധശല്യവും ചോദ്യം ചെയ്ത സമീപ വീട്ടുകാരെ മര്‍ദിച്ചിരുന്നു. ചിലക്കൂര്‍ മാടന്‍കാവ് ശരത്ചന്ദ്രബാബു, മകന്‍ ശരണ്‍ബാബു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.രണ്ടുദിവസം മുന്‍പ് രാത്രിയില്‍ ചുമടുതാങ്ങി എല്‍.പി.സ്‌കൂളിന് പിന്നിലെ വീട്ടില്‍ നിന്നും തേങ്ങ മോഷ്ടിച്ചു. തെരുവുവിളക്കിന്റെ നല്ല പ്രകാശമുള്ള ഭാഗത്താണ് മോഷണം നടന്നത്. സമീപം താമസിക്കുന്നവര്‍ കണ്ട് ബഹളം വച്ചപ്പോള്‍ തേങ്ങ സമീപ പുരയിടത്തില്‍ കൂട്ടിയിട്ട ശേഷം മോഷ്ടാക്കള്‍ സ്ഥലംവിട്ടു. ഇളമ്പന ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പുരയിടങ്ങളില്‍ തേങ്ങാമോഷണം പതിവാണ്. പണയില്‍ സ്‌കൂളിന് സമീപവും വളരെ നാളുകളായി സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ട്.
ചുമടുതാങ്ങി പണയില്‍ റോഡ്, ഇളമ്പന ക്ഷേത്രം വള്ളക്കടവ് റോഡ് എന്നിവിടങ്ങളില്‍ മാലിന്യം തള്ളുന്നതും പതിവാണ്. ഇറച്ചി മാലിന്യങ്ങള്‍ വലിയ കവറുകളിലാക്കി കൊണ്ടിടുന്നു ചിറയിലും ടി.എസ് കനാലിലും മാലിന്യം തള്ളാറുണ്ട്. ചുമടുതാങ്ങി മുതല്‍ വള്ളക്കടവ് വരെയുള്ള ഭാഗത്ത് രാത്രിയില്‍ പൊലിസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."