കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
ബ്രദേഴ്‌സ് സിദ്ദിഖ് നഗര്‍ ജേതാക്കള്‍
ഇരിക്കൂര്‍: ഡൈനാമോസ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഡൈനാമോസ് ഫഌഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ ഒരുമാസത്തോളമായി നടന്നുവന്ന പി.എ റഷീദ് സ്മാരക സ്വര്‍ണ കപ്പിനായുള്ള അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സമാപിച്ചു. കലാശപോരില്‍ ബ്രദേഴ്‌സ് എഫ്.സി സിദ്ദിഖ് നഗര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ടൗണ്‍ ടീം പടന്നയെ തോല്‍പ്പിച്ചു.
ടീം 1,10,001 രൂപയുടെ കാഷ് അവാര്‍ഡിന് അര്‍ഹരായി. സണ്ണി ജോസഫ് എം.എല്‍.എ മത്സരം ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം പഞ്ചായത്ത് പ്രസി. കെ.പി നസീറും സെഞ്ച്വറി ഫാഷന്‍സിറ്റി മാനേജിങ് പാര്‍ട്ണര്‍ പി സിദ്ദിഖ് ഹാജിയും നിര്‍വഹിച്ചു. കാഷ് അവാര്‍ഡ് യു.എ.ഇ ഡൈനാമോസ് വൈസ് പ്രസി. സി ഫൈസല്‍ കാസിമും അന്‍ഷാദ് പള്ളിപാത്തും വിതരണം ചെയ്തു. ഫുട്‌ബോള്‍ കുടുംബത്തിനുള്ള സമ്മാനദാനം സി മൊയ്തീനും മികച്ച വാര്‍ത്താലേഖകനുള്ള പുരസ്‌കാരം മടവൂര്‍ അബ്ദുല്‍ ഖാദര്‍, സി അനീഷ് കുമാര്‍ എന്നിവര്‍ക്കും ലഭിച്ചു.
അണ്‍ എയ്ഡഡ്
സ്‌കൂള്‍ കലോത്സവം
പയ്യന്നൂര്‍: മലബാര്‍ മേഖല അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ സ്‌കൂള്‍ കലോത്സവം എടാട്ട് എസ്.എന്‍ സ്‌കൂളില്‍ നടന്നു. സാംസ്‌കാരിക സമ്മേളനം കില ഡയറക്ടര്‍ ഡോ. പി.പി ബാലന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി രാഗിണി അധ്യക്ഷയായി. എം പ്രദീപ്കുമാര്‍, യു ഭാസ്‌കരന്‍, പി.പി കരുണാകരന്‍, കെ.വി സുരേഷ്‌കുമാര്‍, ജിനീഷ്, എം.കെ രാജീവന്‍, കെ.വി ശശി, പി.സി പ്രസന്ന, കെ.വി നാരായണന്‍, കെ.ജി ഗോപാലകൃഷ്ണന്‍, ഉദിനൂര്‍ സുകുമാരന്‍, വി.കെ നാരായണന്‍ സംസാരിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കുട്ടികളാണ് മത്സരത്തിനെത്തിയത്.
ആലക്കോട് പഞ്ചായത്ത്
വര്‍ക്കിങ് ഗ്രൂപ്പ് യോഗം
ആലക്കോട്: ആലക്കോട് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് യോഗം കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വികസന രേഖ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവല്‍ കാടം കാവില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി മോഹനന്‍, പഞ്ചായത്ത് സെക്രട്ടറി എന്‍.എന്‍ പ്രസന്നകുമാര്‍, ആലീസ് ജോസഫ്, പി ആയിഷ, പി.കെ ഗിരിജാമണി, റോയ് ചക്കാനിക്കുന്നേല്‍, ടി.ജി വിക്രമന്‍ സംസാരിച്ചു.
സിനിമകളിലെ സ്ത്രീവിരുദ്ധ
പരാമര്‍ശങ്ങള്‍ക്കെതിരേ സംവിധായകന്‍
തളിപ്പറമ്പ്: നടിയുള്‍പ്പെടെ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കിയതില്‍ സിനിമകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കും പങ്കുണ്ടെന്ന് സിനിമ സംവിധായകന്‍ ഷെറി. ചേടിച്ചേരി കോട്ടവയലില്‍ ബോയ്‌സ് ടീം ചേടിച്ചേരിയുടെ ഏഴാം വാര്‍ഷികാഘോഷവും സപ്ലിമെന്റ് പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ തുറന്ന് പ്രതികരിക്കുന്ന നിലയിലേക്ക് മലയാളിയുടെ സാംസ്‌കാരിക ബോധം ഉണരണമെന്നും അദ്ദേഹം പറഞ്ഞു.
1992ന് ശേഷം ഇറങ്ങിയ മിക്ക സിനിമകളിലും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കൊട്ടിഘോഷിക്കപ്പെട്ടു.
അത്തരം സിനിമകളിലെ സംഭാഷണങ്ങള്‍ കേട്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ കൈയടിച്ചും മറ്റും അവയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പുരുഷന് ചവിട്ടാനും തൊഴിക്കാനും മാത്രമുള്ള വസ്തുവാണ് സ്ത്രീയെന്ന തെറ്റിദ്ധാരണ പരത്താന്‍ അത്തരം ഡയലോഗുകള്‍ ഇടയാക്കിയിട്ടുണ്ടെന്നും ഷെറി പറഞ്ഞു. സപ്ലിമെന്റ് പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ക്ലബ്ബ് സെക്രട്ടറി പി ശ്രീനാഥ് ആദ്യപ്രതി ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തംഗം പി.വി പ്രേമലത അധ്യക്ഷയായി. കെ.എം.ആര്‍ റിയാസ് മുഖ്യാതിഥിയായി.
എസ്.കെ ബാബുരാജ്, എം.വി നാരായണന്‍, എം കരുണാകരന്‍, എ.കെ ലക്ഷ്മണന്‍, എം.വി മിഥുന്‍, സി തേജസ് സംസാരിച്ചു.
തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ചെണ്ടമേളവും കലാപരി പാടികളും അരങ്ങേറി.
കുട്ടിപൊലിസിന്റെ റോഡ് സുരക്ഷാ ബോധവല്‍ക്കരണം
ആലക്കോട്: റോഡ് സുരക്ഷ ജീവന് രക്ഷ എന്ന മുദ്രാവാക്യവുമായി ആലക്കോട് ജനമൈത്രി പൊലിസും വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലിസ് യൂനിറ്റും സംയുക്തമായി ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ആലക്കോട് ടൗണില്‍ കുട്ടി പൊലിസുകാര്‍ രംഗത്തെത്തി. ഡ്രൈവര്‍മാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ലഘുലേഖകള്‍ വിതരണം ചെയ്തു. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചവര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. ആലക്കോട് കുരിശുപള്ളിക്ക് സമീപം പഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആലക്കോട് സി.ഐ ഇ.പി സുരേശന്‍ അധ്യക്ഷനായി. എസ്.ഐ കെ.ആര്‍ മനോഹരന്‍, അമല മാര്‍ട്ടിന്‍, സുനില്‍ ജോര്‍ജ്, വി.വി ജോസ്, സിബി ഫ്രാന്‍സിസ്, ഐറിന്‍ ട്രീസ വിനോയ് നേതൃത്വം നല്‍കി.
നഴ്‌സസ് പാരന്റ്‌സ് അസോ. കലക്ടറേറ്റ് മാര്‍ച്ച്
കണ്ണൂര്‍: വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇന്ത്യന്‍ നഴ്‌സസ് പാരന്റസ് അസോ. നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചു നടത്തി. ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വായ്പയുടെ ബാധ്യത സമ്പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു മാര്‍ച്ച്. കെ.സി ചാക്കോ അധ്യക്ഷനായി. ഡോ. ഡി. സുരേന്ദ്രനാഥ്, സി.കെ ശിവദാസന്‍, പ്രൊഫ. എം.ജി മേരി, പി. ബാലന്‍, അഡ്വ. വിനോദ് പയ്യട, കെ.വി മനോഹരന്‍ സംസാരിച്ചു.
ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍
പട്ടിക പ്രസിദ്ധീകരിച്ചു
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ പതിനാറാം വാര്‍ഡായ ഉരുവച്ചാല്‍, പയ്യന്നൂര്‍ നഗരസഭയിലെ ഇരുപത്തിയൊന്നാം വാര്‍ഡായ കണ്ടങ്കാളി എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 2017 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരെ ഉള്‍പ്പെടുത്തി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഉരുവച്ചാലില്‍ കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെയും മട്ടന്നൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെയും അടിസ്ഥാനത്തിലാണ് കരട് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍ എന്നിവ നടത്തുകയും അതിന്‍മേലുള്ള അപ്പീലുകള്‍ പരിഗണിക്കുകയും ചെയ്ത ശേഷം മാര്‍ച്ച് 27ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ഇലക്ഷന്‍ ഡെ പ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥന്‍ അറിയിച്ചു.
കുറുമാത്തൂര്‍ സ്‌കൂളില്‍
ക്ലാസ് മുറികളുടെ
ശിലാസ്ഥാപനം മാര്‍ച്ചില്‍
തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് മുറികളുടെ ശിലാസ്ഥാപനം മാര്‍ച്ച് ഒന്നിന് വൈകുന്നേരം അഞ്ചിന് പി.കെ ശ്രീമതി നിര്‍വഹിക്കും. 20.5 കോടി രൂപയുടെ പ്രൊജക്ടാണ് സ്‌കൂളിന്റെ വികസനത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഇതിന് പുറമെ ഒരു കോടി രൂപ പ്രാദേശിക തലത്തില്‍ സമാഹരിക്കും. 40 ഹൈടെക്ക് ക്ലാസുകള്‍, 17 ആധുനിക ലാബുകള്‍, ഡിജിറ്റല്‍ ലൈബ്രറി, ഓഡിറ്റോറിയം, ഫുഡ് കോര്‍ട്ട്, ആര്‍ട്ട് ഗാലറി, ജൈവവൈവിധ്യ പാര്‍ക്ക്, സെന്റര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ്, ഫീഡിങ് സ്‌കൂള്‍ സപ്പോര്‍ട്ട് സെന്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഐ.വി നാരായണന്‍, കെ കൃഷ്ണന്‍, എം ജ നാര്‍ദ്ദനന്‍, വി.വി പവിത്രന്‍, കെ ഗീത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."