കോര്‍പറേഷനില്‍ അവിശ്വാസം ഇന്ന് ഡെപ്യൂട്ടി മേയര്‍ രാജി വെക്കും
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സി സമീറിനെതിരേ എല്‍.ഡി.എഫ് നല്കിയ അവിശ്വാസ പ്രമേയാവതരണവും വോട്ടെടുപ്പും ഇന്നു നടക്കും.
അവിശ്വാസ പ്രമേയത്തിനു മുന്‍പ് ഡെപ്യൂട്ടി മേയര്‍ സി സമീര്‍ ഇന്നു രാവിലെ കോര്പറേഷന് സെക്രട്ടറിക്കു രാജി സമര്‍പ്പിക്കും. 55 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 അംഗങ്ങളും കോണ്‍ഗ്രസ് വിമതനായി ജയിച്ച പി.കെ രാഗേഷുമാണുള്ളത്. ഇന്നു രാവിലെ 11ന് വരണാധികാരിയായ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തിലാണ് അവിശ്വാസം അവതരിപ്പിക്കുക. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. അവിശ്വാസം പാസായാല്‍ കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷിനെ മത്സരിപ്പിച്ച് ഡെപ്യൂട്ടി മേയറാക്കാന്‍ എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി യോഗം നേരത്തെ തീരുമാനിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാഗേഷിനു സി.പി.എം ജില്ലാ നേതൃത്വം നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു അവിശ്വാസം കൊണ്ടുവന്നത്. രാഗേഷിന്റെ പിന്തുണയോടെയാണു സി.പി.എമ്മിലെ ഇ.പി ലത മേയറായത്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിട്ടുനിന്നു. വോട്ടെടുപ്പില്‍ തുല്യ നിലയിലായതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം നറുക്കെടുപ്പിലൂടെ സി സമീറിനു ലഭിക്കുകയായിരുന്നു. ഡെപ്യൂട്ടി മേയര്‍ക്കെതിരേയുള്ള അവിശ്വാസം പാസായാലും മറ്റു സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ മാറ്റമുണ്ടാകില്ല.
സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ എട്ടില്‍ ഏഴു സ്ഥാനവും യു.ഡി.എഫിനാണ്. അവിശ്വാസം പാസായാല്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനു കലക്ടര്‍ തിയതി നിശ്ചയിക്കും.ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണു സി സമീര്‍ രാജിനല്കാന് തീരുമാനിച്ചത്. ഇന്നു രാവിലെ ഒന്‍പതിന് ലീഗ് ജില്ലാകമ്മിറ്റി ഓഫിസില്‍ യു.ഡി.എഫ് കൗണ്‍സലര്‍മാരുടെ യോഗം ചേര്‍ന്ന ശേഷം രാജിനല്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."