ഇ.അഹമ്മദിന്റെ സ്മരണകള്‍ നിറഞ്ഞ ചടങ്ങില്‍ ഐക്യരാഷ്ട്രസഭയെ അടുത്തറിഞ്ഞ് വിദ്യാര്‍ഥികള്‍
കോഴിക്കോട്: മികച്ച പാര്‍ലമെന്റേറിയനും കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റെ സ്മരണാര്‍ഥം ജെ.ഡി.റ്റി ഇസ്‌ലാം കാംപസില്‍ സംഘടിപ്പിച്ച ഇ. അഹമ്മദ് മാതൃകാ ഐക്യരാഷ്ട്രസഭാ സമ്മേളനം വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ജെ.ഡി.റ്റിയും മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ ആയ അല്‍ ഗുബ്രയും സംയുക്തമായാണ് ഇ.അഹമ്മദ് മോഡല്‍ യുനൈറ്റഡ് നാഷന്‍സ് സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂള്‍, പ്ലസ് ടു തലങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് പരിപാടി. രാജ്യാന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ശ്രദ്ധേയമായിരുന്നു. 'ഫ്രീഡം ഫ്രം ഫിയര്‍' എന്ന പേരില്‍ നടക്കുന്ന സമ്മേളനത്തില്‍ 35 സ്‌കൂളുകളില്‍ നിന്ന് 500 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. യു.എന്‍.എച്ച്.ആര്‍.സി, ഐ.എ.ഇ.എ, ഐ.എം.എഫ്, സെക്യൂരിറ്റി കൗണ്‍സില്‍, യുനിസെഫ് തുടങ്ങിയ കമ്മിറ്റികളും മാതൃകാ യു.എന്‍ സമ്മേളനത്തില്‍ ഒരുക്കിയിരുന്നു. പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, മനുഷ്യാവകാശം, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി, ലഹരിവസ്തു ദുരുപയോഗം, ധനവിനിയോഗം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും നടന്നു. സമ്മേളനത്തില്‍ പ്രതിഭതെളിയിക്കുന്നവരെ വിശിഷ്ട പുരസ്‌കാരം നല്‍കി ആദരിക്കും. ഇവര്‍ മസ്‌കത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാക്കളാകും.
ജെ.ഡി.റ്റി ഇസ്‌ലാം പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദ്, ഇ.എ.എം.യു.എന്‍.സി ഡയരക്ടര്‍ അഹമ്മദ് റഈസ് എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. ജില്ലാ കലക്ടര്‍ സാംബ ശിവ റാവു സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ അംബാസഡറും കേരള സ്റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ ടി.പി ശ്രീനിവാസന്‍ മുഖ്യാതിഥിയായിരുന്നു. ന്യൂനപക്ഷത്തു നിന്ന് ഉയര്‍ന്നുവന്ന് ലോകത്ത് ശ്രദ്ധേയമായ പദവിയിലെത്തിയ വ്യക്തിയായിരുന്നു ഇ.അഹമ്മദെന്ന് അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ടി.പി ശ്രീനിവാസന്‍ അനുസ്മരിച്ചു. ഇ. അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായിരുന്ന വേള നയതന്ത്രതലത്തില്‍ ഇന്ത്യയുടെ സുവര്‍ണകാലഘട്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ. അബൂബക്കര്‍ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തു. നാളെ നടക്കുന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പൊതുജനങ്ങള്‍ക്കും പരിപാടി വീക്ഷിക്കാന്‍ അവസരമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."