ബാവിക്കര റഗുലേറ്റര്‍ പദ്ധതി കഴിഞ്ഞ സര്‍ക്കാരെടുത്ത തീരുമാനം നടപ്പാക്കണം: ആക്ഷന്‍ കമ്മിറ്റി
കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും സമീപത്തെ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമായി പ്രവര്‍ത്തനം ആരംഭിച്ച ബാവിക്കര റഗുലേറ്റര്‍ പദ്ധതി സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരെടുത്ത തീരുമാനം ഇടതു സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി. പാതിവഴിയില്‍ പണിനിലച്ച റഗുലേറ്റര്‍ പദ്ധതിയുടെ പുനര്‍ നിര്‍മാണ പ്രവൃത്തി ഉടനെ ആരംഭിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ജനുവരി 27നു അന്നത്തെ ജലസേചന മന്ത്രി പി.ജെ ജോസഫിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി യഥാസ്ഥാനത്ത് പൂര്‍ത്തീകരിക്കുന്നതിനും പുതിയ ടെണ്ടര്‍ വിളിക്കുന്നതിനും തീരുമാനിച്ചിരുന്നു. ഈ തീരുമാനം നിലവിലെ സര്‍ക്കാരും അംഗീകരിച്ചു നടപ്പിലാക്കണമെന്നാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ചു ജലവിഭവ മന്ത്രി മാത്യു ടി തോമസിനെയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെയും ആക്ഷന്‍ കമ്മിറ്റി കാണും. ബാവിക്കര റഗുലേറ്റര്‍ പദ്ധതിക്കായി പ്ലാന്റേഷന്‍ കുന്നിടിച്ചു മണ്ണും പാറയും പുഴയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. പുഴയുടെ 60 ശതമാനത്തോളം നികത്തപ്പെട്ടിട്ടുമുണ്ട്.
പ്ലാസ്റ്റിക്കുകളും മറ്റും പുഴയില്‍ അടിഞ്ഞുകൂടി പരിസ്ഥിതി പ്രശ്‌നമായിരിക്കുകയാണ്. പുഴയുടെ പകുതി ഭാഗം നികത്തിയതിനാല്‍ മഴക്കാലത്തു വെള്ളം കുത്തിയൊലിച്ച് ഒരു ഭാഗത്തുകൂടി പോകുന്നതിനാല്‍ ബിട്ടിക്കല്‍ മുതല്‍ തൈരക്കടവ് വരെയുള്ള രണ്ടു കിലോമീറ്റര്‍ പുഴയോരത്ത് കരയിടിച്ചില്‍ വ്യാപകമാണ്.
പദ്ധതി നടപ്പിലാവാത്തതിനെ തുടര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയത്. ഇടക്കാലത്ത് അധികൃതര്‍ താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ ശ്രമിച്ചെങ്കിലും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതു തടയുകയായിരുന്നു. താല്‍ക്കാലിക തടയണ നിര്‍മാണം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കലക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തിലും തുടര്‍ന്ന് മന്ത്രി പി.ജെ ജോസഫിന്റെ ഓഫിസിലും നടന്ന യോഗത്തിലാണ് പദ്ധതി യഥാസ്ഥാനത്ത് പൂര്‍ത്തീകരിക്കാന്‍ തീരുമാനമായത്. ഇടതു സര്‍ക്കാര്‍ ഈ തീരുമാനം അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."