സഊദിയില്‍ വിദേശികളുടെ ലെവി പുനഃപരിശോധന ഇപ്പോഴില്ലെന്ന് മന്ത്രി
ജിദ്ദ: സഊദിയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയം ചുമത്തിയ ലെവി പുനഃപരിശോധന ഇപ്പോഴില്ലെന്ന് ധനകാര്യമന്ത്രി ഡോ. മുഹമ്മദ് ജദ്ആന്‍ വ്യക്തമാക്കി. ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടയില്‍ ഒരു സ്വകാര്യ ചാനലിനുനല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിദേശ തൊഴിലാളികള്‍ക്കുമേല്‍ ചുമത്തപ്പെട്ട ലെവി പുനഃപരിശോധിക്കുന്നതിനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
2020ലെ ബജറ്റിനനുസരിച്ച് നിലവിലെ പല പദ്ധതികളും സംരംഭങ്ങളും പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള ലെവിയും ഫീസും ഇപ്പോള്‍ പുനഃപരിശോധിക്കുന്നില്ല. ഭാവിയില്‍ പുനഃപരിശോധിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ ഇതുസംബന്ധമായ വിവരങ്ങള്‍ അപ്പോള്‍ പുറത്തുവിടുമെന്നും മുഹമ്മദ് ജദ്ആന്‍ കൂട്ടിച്ചേര്‍ത്തു.
വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ഫീസും വിസാ ഫീസും ലോക്കല്‍ സര്‍വിസ് ഫീസും നിര്‍ബന്ധമായും പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേര്‍ന്ന റിയാദ് ഇക്കണോമിക് ഫോറം ചര്‍ച്ച ചെയ്ത പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചെറിയതും ഇടത്തരവുമായ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ ഈ നിയമം സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ തൊഴിലാളികളുടെ ലെവി സഊദി തൊഴില്‍ അന്തരീക്ഷത്തില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നും അതിനാല്‍ ലെവി നിര്‍ബന്ധമായും പുനഃപരിശോധിക്കണമെന്നും റിയാദ് എക്കണോമിക് ഫോറം നിര്‍ദേശിച്ചിരുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം ശൂറ അംഗം ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അബാസ് വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായി രംഗത്ത് വന്നിരുന്നു. രാജ്യത്തെ വിദേശികള്‍ കാന്‍സറല്ലെന്നും അവര്‍ രാഷ്ട്ര നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിച്ചവരാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."